കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തുടക്കമിട്ട ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പുരോഗതി ജില്ലാ കളക്ടർ എസ്. സുഹാസ് സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തി. ആദ്യ ഘട്ടത്തിൽ 36 പ്രവർത്തികളാണ് ആരംഭിച്ചത്.

# വിവേകാനന്ദ തോട്

സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വിവേകാനന്ദ തോട്ടിൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തികൾ ആരംഭിച്ചു. കാരിക്കാമുറി പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുകയാണ് ലക്ഷ്യം. തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തികൾ തുടരുന്നു.

# പാരഡൈസ് റോഡ് കനാൽ

ഡിവിഷൻ 53 ലെ പാരഡൈസ് റോഡിലെ കാനയുടെ നവീകരണം ആരംഭിച്ചു. സുഭാഷ് ചന്ദ്ര ബോസ് റോഡിൽ ആരംഭിച്ച് സഹോദരൻ അയ്യപ്പൻ റോഡിൽ അവസാനിക്കുന്ന 720 മീറ്റർ നീളമുള്ള കാനയിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കും. 260 മീറ്റർ കാന പുതുതായി നിർമ്മിക്കാൻ തുടങ്ങി. നിലവിലെ കൾവർട്ടുകൾ വൃത്തിയാക്കുന്ന നടപടികളും ആരംഭിച്ചു. 61.85 ലക്ഷം രൂപയാണ് ചെലവ്.

# അവന്യൂ റോഡ്

ഡിവിഷൻ 56 ൽ പനമ്പിള്ളിനഗർ അവന്യൂറോഡിൽ ഇരുവശങ്ങളിലും 600 മീറ്റർ കാനയിലെ നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. ആഴം വർധിപ്പിച്ച് തടസങ്ങൾ നീക്കും. കൽവർട്ട് നിർമ്മാണവും ആരംഭിച്ചു. ജി.സി.ഡി.എ യുടെ മേൽനോട്ടത്തിലാണ് 28 ലക്ഷം രൂപ മുടക്കി രണ്ട് പദ്ധതികളും പൂർത്തിയാക്കുന്നത്.

# കാരണക്കോടം തോട്


കാരണക്കോടം തോട് പുനരുദ്ധാരണം ആരംഭിച്ചു. തോടിന്റെ കലൂർ സ്റ്റേഡിയം മുതൽ അടിമുറി തോട് വരെയും പുല്ലേപ്പടി തമ്മനം മുതൽ സെന്റ് സെബാസ്റ്റ്യൻ റോഡ് വരെയും മാച്ച് പോയിന്റ് വരെയുമുള്ള 3 റീച്ചുകളിലാണ് നിർമ്മാണം നടക്കുന്നത്. തോട് ശുചീകരണം ആരംഭിച്ചു. തോട്ടിലെ പുല്ലും പായലും വൃക്ഷങ്ങളുടെ വേരുകളും നീക്കം ചെയ്യും. 1,89,50,000 രൂപയാണ് ചെലവ്.