കൊച്ചി: ജനുവരി ഒന്നു മുതൽ സംസ്ഥാനത്തു നിലവിൽ വന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി എറണാകുളത്തെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടങ്ങി.

കൊച്ചി കോർപ്പറേഷന്റെ ആരോഗ്യ വിഭാഗമാണ് എറണാകുളം മാർക്കറ്റിലും തോപ്പുംപടിയിലും 52 കടകളിൽ പരിശോധന നടത്തിയത്. ഒരിടത്തും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ കണ്ടെത്താനായില്ല.

എറണാകുളം മാർക്കറ്റിലെ പഴം, പച്ചക്കറി കടകൾ, മത്സ്യവിൽപ്പന കേന്ദ്രങ്ങൾ, പലവ്യഞ്ജന കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലാണു മിന്നൽ പരിശോധന നടന്നത്. പ്ലാസ്റ്റിക്കിനോട് സാമ്യമുള്ള കവറുകളിൽ അരിയും പലവ്യഞ്ജനങ്ങളും വിൽക്കുന്നതായി കണ്ടെത്തിയെങ്കിലും ഇവ നിരോധന പരിധിയിൽ വരുന്നില്ലെന്നും കോടതിയുടെ അനുമതിയുണ്ടെന്നും വ്യാപാരികൾ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ തർക്കത്തിനു മുതിർന്നില്ല.

'പിപി കവറുകൾ' എന്നാണ് ഇവ അറിയപ്പെടുന്നത്. ഒട്ടുമിക്ക കടകളിലും പ്ലാസ്റ്റിക്കിന്റെ അംശമില്ലാത്ത ഡിസ്‌പോസിബിൾ കവറുകളാണ് ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരുടെ കൈവശമുള്ള മെത്തലിൻ ഡൈ ക്ലോറൈഡ് ലായനിയിൽ (ഡൈക്ലോറൈഡ് മിഥൈൻ) കവറുകൾ മുക്കിവെച്ച് പ്ലാസ്റ്റിക്കിന്റെ അംശമില്ലെന്ന് ഉറപ്പാക്കി. പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടെങ്കിൽ ഈ ലായനിയിൽ കവർ അലിഞ്ഞു ചേരില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തോപ്പുംപടിയിൽ 37 കടകൾ പരിശോധിച്ചു. കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ തോമസ് ജോഷിയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. എറണാകുളം മാർക്കറ്റിൽ ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ്കുമാർ, തോപ്പുംപടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സാംസൺ എന്നിവർ മേൽനോട്ടം വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ 80 ജീവനക്കാർ പങ്കെടുത്തു.