കൊച്ചി : സുപ്രീം കോടതിയുടെ വിധിയനുസരിച്ച് പെരുമ്പാവൂർ ഓടക്കാലി സെന്റ് മേരീസ് പള്ളി ഫെബ്രുവരി മൂന്നിനകം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ എറണാകുളം അഡി. ജില്ലാ കോടതി പൊലീസിന് അന്ത്യശാസനം നൽകി. ജനുവരി 22 നകം പള്ളി കൈമാറി റിപ്പോർട്ട് നൽകണമെന്നാണ് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നത്. യാക്കോബായ വിഭാഗത്തിന്റെ എതിർപ്പു മൂലം ഇതു നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. എന്നാൽ വിധി നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതിനായി പൊലീസിന് ഒരവസരം കൂടി നൽകുകയാണെന്ന് പറഞ്ഞാണ് ഫെബ്രുവരി മൂന്നിനകം പള്ളി കൈമാറാൻ ഉത്തരവിട്ടത്. ഉത്തരവു നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ റൂറൽ എസ്.പി ഫെബ്രുവരി നാലിന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്നലെ റൂറൽ എസ്.പിയെ കോടതി വിളിച്ചു വരുത്തി വിശദീകരണം തേടുകയായിരുന്നു. യാക്കോബായ വിഭാഗത്തെ പള്ളിയിൽ നിന്ന് ഒഴിവാക്കി പൊലീസിന് നിഷ്പ്രയാസം വിധി നടപ്പാക്കാൻ കഴിയുമെങ്കിലും അവർ മനസു വെയ്ക്കുന്നില്ലെന്ന് ഇന്നലെ ഓർത്തഡോക്സ് വിഭാഗം കോടതിയിൽ ആരോപിച്ചു.

വിധി നടപ്പാക്കാൻ ജനുവരി 21 ന് ആത്മാർത്ഥമായി പരിശ്രമിച്ചെന്നും വിശ്വാസത്തിന്റെ കൂടി പ്രശ്നമാണിതെന്നും റൂറൽ എസ്.പി കോടതിയിൽ ബോധിപ്പിച്ചു. രാവിലെ ഏഴു മണിക്കു തന്നെ പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 115 പൊലീസുകാരെ പള്ളി ഏറ്റെടുക്കാൻ നിയോഗിച്ചിരുന്നു.

എന്നാൽ എതിർ കക്ഷികൾ പള്ളിയുടെ കവാടം താഴിട്ടു പൂട്ടി. പ്രതിഷേധക്കാരോട് പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഉത്തരവു ലംഘിച്ച് പള്ളിയിൽ ഒത്തു കൂടിയവരെ ബലം പ്രയോഗിച്ചു നീക്കിയെങ്കിലും വൈദികരും കുട്ടികളും സ്ത്രീകളും ഉൾപ്പെട്ട സംഘം പള്ളിയിൽ കയറി ആരാധന തുടർന്നു. ചിലർ ആത്മഹത്യാ ഭീഷണി മുഴക്കി.

നിയമം ലംഘിച്ച ആയിരത്തോളം പേർക്കെതിരെ കുറുപ്പുംപടി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നും റൂറൽ എസ്.പിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.