കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും തങ്ങൾക്ക് പൊലീസ് കസ്റ്റഡിയിൽ ഉപദ്രവം ഏൽക്കേണ്ടി വന്നെന്നു കോടതിയിൽ പരാതി പറഞ്ഞു. ഇവരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിടാനായി എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പുറത്തിറങ്ങിയശേഷം പലതും വെളിപ്പെടുത്താനുണ്ടെന്നും അലൻ പറഞ്ഞു. വിഷാദ രോഗത്തിന് താൻ മരുന്നു കഴിച്ചിരുന്നതായും എൻ.ഐ.എയുടെ കസ്റ്റഡിയിലിരിക്കെ മാതാപിതാക്കളെ കാണാൻ അനുവദിക്കണമെന്നും അലൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി ഇടപെട്ടില്ല.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന് ഇന്നലെ രാവിലെയാണ് ഇവരെ എറണാകുളത്തെ കോടതിയിൽ ഹാജരാക്കിയത്. ആറു ദിവസത്തേക്കാണ് പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ നവംബർ ഒന്നിന് രാത്രിയിലാണ് പ്രതികളെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകൾ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തതോടെ യു.എ. പി.എ പ്രകാരമുള്ള കുറ്റം ചുമത്തി. തുടർന്നാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്.