kerala-highcourt
Kerala Highcourt

കൊച്ചി : കേരള വിദ്യാഭ്യാസ ചട്ടപ്രകാരം എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ അനുവദിച്ച നോൺ ടീച്ചിംഗ് തസ്തികകൾക്ക് സർക്കാർ രണ്ടു മാസത്തിനുള്ളിൽ അംഗീകാരം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. മൂന്നു മാസത്തിനുള്ളിൽ അംഗീകാരിക്കണമെന്ന് 2017 നവംബർ 30 ന് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

സർക്കാർ അനുവദിച്ച തസ്തികകൾക്ക് ഒൗദ്യോഗിക അംഗീകാരം നൽകാത്തതിനെതിരെ സമർപ്പിച്ച ഹർജികളിലാണ് സിംഗിൾബെഞ്ച് വിധിയുണ്ടായത്. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാനുള്ള കാലതാമസം മൂലമാണ് വിധി നടപ്പാക്കാത്തതെന്ന് അപ്പീൽ പരിഗണിക്കവെ സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. രണ്ടു മാസം കൂടി സമയം വേണമെന്നും ആവശ്യപ്പെട്ടു.

സിംഗിൾബെഞ്ച് നിർദ്ദേശിച്ച സമയപരിധി കടന്ന കേസിൽ സർക്കാർ വീണ്ടും സമയം തേടുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു. എങ്കിലും അവസാന അവസരമെന്ന നിലയിൽ രണ്ടു മാസം നൽകുകയാണെന്നും ഇതു പാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.