വണ്ണപ്പുറം: കള്ള നോട്ടുകൾ മാറുന്നതിനിടെ രണ്ട് പേരെ കാളിയാർ പൊലിസ് പിടികൂടി..കോതമംഗലം മാലിച്ചാന ഇടയത്തുകുടിയിൽ ഷോൺ ലിയോ വർഗീസ് (അമൽ-25), കോതമംഗലം തലക്കോട് കോട്ടേക്കുടി സ്റ്റെഫിൻ ജോസ് (26)എന്നിവരാണ് പിടിയിലായത്.23,400 രൂപ ഇവരിൽനിന്ന് പിടിച്ചെടുത്തു. എല്ലാം 100 രൂപയുടെ നോട്ടുകളായിരുന്നു.. വീട്ടിൽ ക്രമീകരിച്ച യന്ത്രത്തിൽ അച്ചടിച്ച നൂറ് രൂപയുടെ കള്ള നോട്ടുകൾ മാറി എടുക്കുന്നതിന് കാറിൽ എത്തിയ ഇവർ ഇന്നലെ ഉച്ചയോടെ കോതമംഗലം വണ്ണപ്പുറം റൂട്ടിലെ കടകളിൽ കയറി ബിസ്‌കറ്റ് ഉൾപ്പെടെ ഉള്ള സാധനങ്ങൾ വാങ്ങി കള്ളനോട്ട് ചെലവഴിക്കുകയായിരുന്നു. ഇതിനിടെ സംശയം തോന്നിയ ഒടിയപാറയിലെ ഒരു വ്യാപാരി കാളിയാർ പൊലിസിൽ അറിയിച്ചു.
പൊലിസ് എത്തിയതോടെ കള്ള നോട്ടുകൾ വഴിയരികിൽ വലിച്ചെറിഞ്ഞ് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തി എസ്.ഐ വി.സി. വിഷ്‌കുമാർ, അഡീഷണൽ എസ്.ഐ വി.പി. ബഷീർ തുടങ്ങിയവരുടെ നേത്യത്വത്തിൽ പൊലിസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ വന്ന വാഹനവും പൊലിസ് പിടിച്ചെടുത്തു. 10,000 രൂപ ഇവരുടെ പകൽ നിന്നും കണ്ടെത്തി.ബാക്കി വഴിയരികിൽ വലിച്ചെറിറിഞ്ഞത് കണ്ടെത്തുകയായിരുന്നു. . പിന്നീട് കള്ളനോട്ട് അച്ചടിച്ച കോതമംഗലത്തെ വീട്ടിൽ നിന്നും ഡിവൈഎസ്പി കെ.പി. ജോസ്, കാളിയാർ സി.ഐ പി. പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ അച്ചടി യന്ത്രവും അച്ചടിക്കാനുള്ള സാമഗ്രികളും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.