pada
വറ്റിവരണ്ട കിഴുപ്പിള്ളി പാടശേഖരം

ആലുവ: എടത്തല പഞ്ചായത്തിലെ 16ാം വാർഡിൽ കിഴുപ്പിള്ളി പാടശേഖരം വറ്റിവരണ്ടു. ഞാറു പറച്ചുനട്ടിട്ട് നാല് ദിവസമായി. ഒരു തുള്ളി വെള്ളം പാടത്തില്ലാത്തതിനാൽ അദ്ധ്വാനം വെറുതെയായതിന്റെ ദു:ഖത്തിലാണ് കർഷകർ.
പെരിയാർ വാലിയുടെ ചൂണ്ടി കനാലിലൂടെ ഒഴുകന്ന വെള്ളം എടത്തല പാലക്കുഴി തോട്ടിൽ എത്തുന്നതിനെ ആശ്രയിച്ചാണ് ഇവിടെ വിരിപ്പ് കൃഷി ഇറക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ കൃഷിയിറക്കിയെങ്കിലും കനത്ത മഴ മൂലം കർഷകർക്ക് വൻ നഷ്ടമുണ്ടായി.

ഇപ്പോൾ വേനൽമൂലം കൃഷിയിടം വെള്ളമില്ലാതായതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. കനാലിലൂടെ വെള്ളം വിടാതെ പെരിയാർവാലി അധികൃതർ നിരുത്തരവാദപരമായ സമീപനമാണ് കാണിക്കുന്നതൈന്ന് കർഷകർ കുറ്റപ്പെടുത്തി.
20 വർഷമായി തരിശുകിടന്ന കിഴുപ്പിള്ളി പാടശേഖരത്തിൽ വാർഡ് മെമ്പർ രജി പ്രകാശിന്റെ നേതൃത്വത്തിൽ കർഷകക്കൂട്ടായ്മയോടെയാണ് കൃഷിയിറക്കിയത്. ആലുവ എം.എൽ.എ അടിയന്തിരമായി ഇടപെടണമെന്നും കൃഷി നശിച്ചാൽ പെരിയാർവാലി ഉദ്യോഗസ്ഥർക്കും മറ്റു ബന്ധപ്പെട്ടവർക്കും എതിരെ നഷ്ടപരിഹാരത്തിനും കൃത്യവിലോപത്തിനു കോടതിയെ സമീപിക്കുമെന്നും രജിപ്രകാശ് അറിയിച്ചു.