നെടുമ്പാശേരി: നോവൽ കൊറോണ വൈറസ് രോഗത്തിന്റെ (എൻ.സി.ഒ.വി) ഭീഷണി കണക്കിലെടുത്ത് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിര മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

അന്താരാഷ്ട്ര ടെർമിനലിലെ ഇമിഗ്രേഷൻ ഡെസ്‌ക്കിന് സമീപം പ്രത്യേക ആരോഗ്യ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങി. സംശയാസ്പദമായ പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും ഇവിടെ നിന്നും നിർദ്ദേശങ്ങൾ നൽകും.

എല്ലാ ടച്ച് പോയിന്റുകളും ശുദ്ധീകരിച്ചു. അറൈവൽ ലോഞ്ചിലെ എല്ലാ ഉദ്യോഗസ്ഥർക്കും പ്രത്യേക മാസ്‌കുകളും കൈയ്യുറകളും വിതരണം ചെയ്തിട്ടുണ്ട്. കളമശേരി ഗവ. മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഒരു ഇൻസുലേഷൻ വാർഡും പ്രവർത്തനം തുടങ്ങി.

സംശയാസ്പദമായ യാത്രക്കാരെ അതിവേഗം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ അണുവിമുക്തമാക്കിയ ആംബുലൻസ് ഉൾപ്പെടെയുള്ള പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തി. പരോക്ഷമായ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയ 28 യാത്രക്കാരെ ഇതുവരെ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാ പരിശോധനകളിലും നെഗറ്റീവ് ഫലമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും സിയാൽ അധികൃതർ അറിയിച്ചു