-kaliyikkavila-asi-murder

കൊച്ചി: കളിയിക്കാവിളയിൽ തമിഴ്‌നാട് എ.എസ്‌.ഐ വിൻസെന്റിനെ വെടിവച്ചു കൊല്ലാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇറ്റാലിയൻ തോക്ക് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തി. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം പ്രതികളായ തൗഫീക്കിനെയും അബ്ദുൾ ഷമീമിനെയും വ്യാഴാഴ്‌ച രാവിലെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് തോക്ക് കണ്ടെത്തിയത്. കൊച്ചി കോർപറേഷൻ

പ്രാഥമിക പരിശോധനയിൽ സൈനികർ മാത്രം ഉപയോഗിക്കുന്ന ഇറ്റാലിയൻ നിർമ്മിത 7.65 എം.എം പിസ്റ്റളാണിതെന്ന് വ്യക്തമായതായി അന്വേഷണ സംഘം പറഞ്ഞു. പ്രതികളുടെ പക്കൽ ഇത് എങ്ങനെയെത്തിയെന്നത് സംബന്ധിച്ച് അന്വേഷിക്കും. കൊലപാതകത്തിന് ഈ തോക്കാണോ ഉപയോഗിച്ചതെന്ന് ഉറപ്പാക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

കൊലയ്‌ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് ബസിൽ എറണാകുളത്തെത്തിയ പ്രതികൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ തങ്ങി. തുടർന്ന് സ്റ്റാൻഡിന് പിന്നിലെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ തോക്ക് ഉപേക്ഷിച്ചശേഷം ഉഡുപ്പിയിലേക്ക് പോയെന്നാണ് പ്രതികൾ പറയുന്നത്.

ജീവനക്കാരുടെയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഓട പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ തോക്ക് കണ്ടെത്തുകയായിരുന്നു. എറണാകുളം സിറ്റി പൊലീസും സുരക്ഷയ്‌ക്കായി എത്തിയിരുന്നു.