eldho-jose
എൽദോ ജോസ് (53)

പെരുമ്പാവൂർ: എം.സി. റോഡിൽ കീഴില്ലത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. പെരുമാനി സ്വദേശിയും ബിൽഡിംഗ് കോൺട്രാക്ടറുമായ മാടശേരി കല്ലറയ്ക്കൽ വീട്ടിൽ എൽദോ ജോസ് (53), തൊഴിലാളിയായ ബംഗാൾ മൂർഷിദാബാദ് ഡൊങ്കൽ സ്വദേശി സ്വാതിൻ മണ്ഡൽ (22) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ അല്ലപ്ര കുറ്റിപ്പാടം പൂവത്തിനക്കുടി വീട്ടിൽ അഫ്‌സലിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ചേരാനല്ലൂർ നെടുങ്കണ്ടത്തിൽ വീട്ടിൽ ഷാജനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരാൾ നിസാര പരിക്കുകളോടെ സാൻജോ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ ജോലി സൈറ്റിൽനിന്ന് മടങ്ങിവരവെ ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടനെ എല്ലാവരെയും അടുത്തുള്ള ആശുപത്രയിലെത്തിച്ചെങ്കിലും എൽദോയുടെയും സ്വാതിൻമണ്ഡലിന്റെയും ജീവൻ രക്ഷിക്കാനായില്ല.

സോഫിയാണ് എൽദോയുടെ ഭാര്യ. മക്കൾ: എമിൻ സൂസൻ എൽദോ, ഏലിയാസ് എം. എൽദോ.
ഏഴ് വർഷം മുമ്പ് കേരളത്തിലെത്തിയ സ്വാതിൻ മണ്ഡലിന് ഭാര്യയും മൂന്നുമാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. ഞായറാഴ്ച നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് വെച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.