manoj-asokan
അറസ്റ്റിലായ മനോജും,അശോകനും

പെരുമ്പാവൂർ: വെങ്ങോല ഓർണ വേളായിപ്പറമ്പിൽ കുഞ്ഞപ്പന്റെ മകൻ സജിയെ (40) തൂങ്ങിമരിച്ച നിലയിൽ സ്വന്തം വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തു. അയൽവാസികളും സുഹൃത്തുക്കളുമായ മനോജ് (42), അശോകൻ (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. സജിയുടെ മരണം വാരിയെല്ല് കുത്തിക്കയറിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികളെ പിടികൂടിയത്.

പ്രതികളും സജിയുമായി രാത്രിയിൽ സജിയുടെ വീട്ടിലിരുന്ന് മദ്യം കഴിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിൽ സജി മരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വീടിന്റെ ഉത്തരത്തിൽ മൃതദേഹം കെട്ടിത്തൂക്കി സ്ഥലംവിടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സോമില്ലിലെ ജോലിക്കാരനായിരുന്ന സജി ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. അവിവാഹിതനാണ്. വല്ലപ്പോഴുമേ മറ്റാരും താമസമില്ലാത്ത സ്വന്തം വീട്ടിൽ എത്താറുണ്ടായിരുന്നുള്ളു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസും ഫോറൻസിക് , വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.