കൊച്ചി: ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്ടൻ പി.ആർ. ശ്രീജേഷും സുഹൃത്തുക്കളുമായി ചേർന്ന് കാക്കനാട് ഇൻഫോപാർക്കിലെ രണ്ടേക്കർ സ്ഥലത്ത് സ്‌പോർട്‌സ് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
നാളെ (ശനി) വൈകിട്ട് അഞ്ചിന് ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യാതിഥിയായാകും. പി.ആർ. ശ്രീജേഷ് അദ്ധ്യക്ഷത വഹിക്കും. വി.പി.സജീന്ദ്രൻ എം.എൽ.എ, സി.എൻ. മോഹനൻ, ഐ.എം. വിജയൻ, ആഷിക് അബു, ജോബി മാത്യു, നിസാർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.
ചാമ്പ്യൻമാർ എന്നതിന്റെ സ്പാനിഷ് വാക്കായ 'കാംപിയോനസ്' എന്നാണ് സ്‌പോർട്‌സ് സിറ്റിക്കു പേര് നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ സെവൻസ് ഫുട്‌ബാൾ കളിക്കാവുന്ന സിന്തറ്റിക് ടർഫും റോളർ സ്‌കേറ്റിംഗ് ട്രാക്കും റോളർബാൾ കോർട്ടുമാണ് ഒരുക്കിയിക്കുന്നത്. യോഗ പരിശീലന സൗകര്യവുമുണ്ടാവും. ശാന്തമായ ഓപ്പൺ ഗ്രൗണ്ടിൽ യോഗ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് സ്‌പോർട്‌സ് സിറ്റി സി.ഇ.ഒ നിസാർ ഇബ്രാഹിം പറഞ്ഞു.
രണ്ടാംഘട്ടമായി ആറു മാസത്തിനുള്ളിൽ 10 ബാഡ്മിന്റൻ കോർട്ടുകളും വോളിബാൾ, ബാസ്‌കറ്റ്‌ബാൾ കോർട്ടുകളും ജിംനേഷ്യവും ആരംഭിക്കും. ശ്രീജേഷിനെക്കൂടാതെ എറണാകുളം സ്വദേശികളായ നിസാർ ഇബ്രാഹിം, എം. മുരളീധരൻ, സുരേഷ് ഗോപിനാഥൻ എന്നിവരാണ് മറ്റു സംരംഭകർ.
മികച്ച അവസരങ്ങളൊരുക്കുക ലക്ഷ്യം
'കേരളത്തിലെ താരങ്ങൾക്ക് മികച്ച കായിക സൗകര്യങ്ങളൊരുക്കുകയാണ് സ്‌പോർട്‌സ് സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പൂർണതോതിലെത്തുന്നതോടെ കേരളത്തിലെ കായിക താരങ്ങൾക്ക് മികച്ച പരിശീലനം നൽകാനാകും. ദേശീയ, രാജ്യാന്തര തലങ്ങളിൽ മത്സരിക്കുന്നവർക്ക് പരിശീലനത്തിന് ഇളവു നൽകും. കായികതാത്പര്യമുള്ള നിർദ്ധനകുട്ടികൾക്ക് സൗജന്യ പരിശീലന സൗകര്യവും ഏർപ്പെടുത്തും. അടുത്തഘട്ടത്തിൽ മറ്റൊരു സ്ഥലത്തു ഹോക്കി പരിശീലനത്തിനുള്ള സൗകര്യവുമൊരുക്കും. കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമം തടയുന്നതിനുള്ള സെൽഫ് ഡിഫെൻസിന്റെ ഭാഗമായി കരാട്ടെ പരിശീലനവും ഒരുക്കും.'
പി.ആർ.ശ്രീജേഷ്