പറവൂർ : വർഷങ്ങളായി ചെളിയും പായലും കൊണ്ട് നിറഞ്ഞിരുന്ന വഴിക്കുളങ്ങര വലിയകുളത്തിന് ശാപമോക്ഷം. കുളത്തിലെ ചെളി ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തുതുടങ്ങി. നിരവധി തവണ വിവിധ വകുപ്പുകളിൽ പണം അനുവദിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നടപ്പിലായില്ല.
പറവൂർ നഗരസഭയും കോട്ടുവള്ളി പഞ്ചായത്തും ഉൾപ്പെടുന്ന പ്രദേശത്താണ് അമ്പതുസെന്റ് സ്ഥലത്ത് പൊതുകുളം സ്ഥിതി ചെയ്യുന്നത്. നിലവിൽ പായലും ചെളിയും കലർന്ന് ശോചനീയാവസ്ഥയിലാണ് കുളം. കുളത്തിന്റെ തെക്കേവശവും സമീപത്തും കരിങ്കൽഭിത്തി കെട്ടും. ജില്ലാ പഞ്ചായത്തിന്റെ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം.
ശുചീകരണം പൂർത്തിയാകുന്നതോടെ കുളിക്കാനും നീന്തൽ പരിശീലനത്തിനും ഉപകരിക്കും. സമീപത്തെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാകും. ശുചീകരണത്തിന് പത്ത് ദിവസം വേണ്ടിവരും. തുടർന്ന് കരിങ്കൽ ഭീത്തി കെട്ടും. ജില്ലാ പഞ്ചായത്തംഗം ഹിമാ ഹരീഷ്, പറവൂർ നഗരസഭ കൗൺസിലർ സജി നമ്പിയത്ത്, കോട്ടുവള്ളി പഞ്ചായത്തംഗം മജു മോൾ എന്നിവരുടെ മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.