silpi
നടൻ മുരളിയുടെ തകർന്ന ശില്പത്തിനരികിൽ ശില്പി വിൽസൺ പൂക്കായ്

തൃപ്പൂണിത്തുറ : ഏരൂരിൽ ഭരത് മുരളിയുടെ കളിമൺ ശില്പം തകർന്ന നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ശില്പി വിൽസൻ പൂക്കായി പൊലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

തൃശൂർ സംഗീത നാടക അക്കാഡമിയുടെ മുന്നിൽ സ്ഥാപിക്കുന്നതിനായി ശില്പി വിൽസൺ പൂക്കായ് നിർമ്മിക്കുന്ന നടൻ മുരളിയുടെ കളിമൺ ശില്പമാണ് കഴിഞ്ഞ ദിവസം തകർന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 18 ലക്ഷം രൂപയുടെ പദ്ധതിയാണിത്. വെങ്കലശില്പം നിർമ്മിക്കുന്നതിനുള്ള 'കളിമൺ രൂപമാണ് എരൂരിലെ വാടകയ്ക്കെടുത്ത വീട്ടിൽ പൂർത്തിയായിക്കൊണ്ടിരുന്നത്. പുലർച്ചെ ഒരുമണി വരെ ശില്പി വിൽസനും സഹായിയും നിർമ്മാണ പ്രവർത്തനം നടത്തിയിരുന്നു. ഇരുവരും ഇതിനു സമീപത്തെ മുറിയിലാണ് ഉറങ്ങുവാൻ കിടന്നത്. പുലർച്ചെ എഴുന്നേറ്റപ്പോഴാണ് പ്രതിമ സ്റ്റാൻഡിൽ നിന്ന് താഴെ വീണുകിടക്കുന്നതായി കണ്ടെത്തിയത്. മൂന്നരയടി ഉയരമുള്ള സ്റ്റാൻഡിലായിരുന്നു പ്രതിമ. ഇവിടെനിന്ന് വീണാൽ ഉണ്ടാകുന്നതിനെക്കാൾ വലിയ കേടുപാടുകൾ കണ്ടതിനെത്തുടർന്നാണ് അക്കാഡമിയുടെ നിർദ്ദേശപ്രകാരം പരാതി നൽകിയതെന്ന് വിൽസൻ പറഞ്ഞു. ശില്പനിർമ്മാണം തുടരും.