traffic-block
ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾക്ക് കാൽനടയായി പോകാൻ കൂടി കഴിയാത്ത തരത്തിൽ ഗതാഗതകുരുക്ക്‌

പെരുമ്പാവൂർ: അനധികൃത പാർക്കിംഗ് മൂലം പെരുമ്പാവൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പൊലീസ് നോക്കുകുത്തിയായി മാറി. രാവിലെ സ്‌കൂൾ ഓഫീസ് സമയങ്ങളിലും വൈകിട്ട് 6 മണി മുതൽ 8 മണി വരെയും നഗരത്തിലൂടെ നടന്ന് പോകാൻ കൂടി കഴിയാത്ത അവസ്ഥയാണ്. അധികാരികൾ അവശ്യമായ നടപടി സ്വീകരിച്ച് ഗതാഗത തടസത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരും വ്യാപാരികളും ഒരേ സ്വരത്തിൽ പറയുന്നത്.

അനധികൃത പാർക്കിംഗ്

നടപ്പാതയിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തിയാണ് അനധികൃത പാർക്കിംഗ്. ഇതിന് പുറമെ വ്യാപാര സ്ഥാപനങ്ങൾ വർധിച്ചത് കൊണ്ട് വാഹന പാർക്കിംഗ് കൂടി. മറ്റുള്ള വാഹനങ്ങളുടെ സൗകര്യങ്ങൾ പരിഗണിക്കാതെ വലിയ വാഹനങ്ങൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നവർ ധാരാളം. സമീപ പ്രദേശങ്ങളിൽ നിന്ന് നഗരത്തിലെത്തുന്ന വിദ്യാർത്ഥികളും, പ്രായമായവരും റോഡ് മുറിച്ച് കടക്കാൻ പെടാപാടുപെടുന്ന അവസ്ഥയാണ് ഉള്ളത്. ഇതിനിടെ രാഷ്ട്രീയ പാർട്ടികളുടെ ജാഥകളുടെയും, കച്ചവട സ്ഥാപനങ്ങളുടെയും പരസ്യപ്രചാരണത്തിനായി ഉപയോഗിക്കുന്ന ബോർഡുകൾ വേറെയും.

റോഡിന് വീതി കുറവ്

വാഴക്കുളം പഞ്ചായത്തിനെയും പെരുമ്പാവൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലക്കാട്ടുതാഴം മുതൽ സർക്കാർ ആശുപത്രി ജംഗ്ഷൻ വരെയാണ് കടുത്ത ഗതാഗതക്കുരുക്ക്. ഇവിടെ റോഡിന് വീതി കുറവാണ്. പെരുമ്പാവൂർ പരിസരം, കാലടിക്കവല, പുഷ്പ ജംഗ്ഷൻ എന്നിവിടങ്ങളിലെ റോഡിന് തീരെ വീതിയില്ല. ഇവിടെ തിരക്ക് മൂലം സ്ഥാപനങ്ങിലെ കച്ചവടവും കുറഞ്ഞു. പി.പി റോഡിലെ ജ്യോതി ജംഗ്ഷനിൽ വഴിവാണിഭക്കാരും ഇതര സംസ്ഥാനക്കാരും നിറഞ്ഞിതിനാൽ നടന്നു പോകാൻ പോലും പ്രയാസമാണ്. ഇതിനു പുറമെ നഗര വീഥിയിലെ പോസ്റ്റുകളിൽ ചുറ്റികെട്ടിവച്ചിരിക്കുന്ന കേബിളുകൾ താഴേക്ക് തൂങ്ങി കിടക്കുന്നതും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നു.