leena-mariya-paul

കൊച്ചി: വെടിവെയ്‌പുണ്ടായ നടി ലീന മരിയയുടെ എറണാകുളം പനമ്പള്ളിനഗറിലെ ബ്യൂട്ടി പാർലറിൽ സി.ബി.ഐ റെയ്ഡ്. ഹൈദരാബാദിലെ വ്യവസായിയെ സി.ബി.ഐ ഓഫീസർമാരാണെന്നു പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ട പ്രതികളിൽ ഒരാൾക്ക് ലീനയുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രാവിലെ ഒമ്പതിനാരംഭിച്ച റെയ്ഡ് ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. ഇവിടെ നിന്ന് ബാങ്കിന്റേതടക്കം രേഖകൾ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.

വ്യവസായിയും സി.ബി.ഐയുടെ മറ്റൊരു കേസിൽ പ്രതിയുമായ വ്യക്തിയിൽ നിന്ന് പണംതട്ടാനാണ് ഹൈദരാബാദ്, മധുര സ്വദേശികളായ രണ്ടു പേർ ശ്രമിച്ചത്. സി.ബി.ഐ ഓഫീസർമാരാണെന്നും കേസ് ഒതുക്കാൻ പണം വേണമെന്നും പറഞ്ഞാണ് സംഘം വ്യവസായിയെ വിളിച്ചത്. ഇതിനായി സി.ബി.ഐയുടെ ഡൽഹിയിലെ ഫോൺനമ്പർ ഇവർ സ്‌പൂഫ് ചെയ്തു. സംഭവത്തിൽ സി.ബി.ഐ ഹൈദരാബാദ് യൂണിറ്റ് കേസെടുത്തിട്ടുണ്ട്.

2018ൽ ലീന മരിയയുടെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നിൽ അധോലോക കുറ്റവാളിയായ രവി പൂജാരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടക്കുകയാണ്.