hc
ഹൈക്കോടതി

കൊച്ചി : മിനിമം വേതന നിയമം ബാധകമായ തൊഴിൽ മേഖലകളിലെ ശമ്പള വിതരണത്തിന്റെ രേഖകൾ ലേബർ കമ്മിഷണറേറ്റിന്റെ വേജ് പേമെന്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യണമെന്ന ചട്ട ഭേദഗതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ശമ്പളം വേജ് പേമെന്റ് സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന വ്യവസ്ഥ റദ്ദാക്കുകയും ചെയ്‌തു.

ചട്ടഭേദഗതി സിംഗിൾ ബെഞ്ച് നേരത്തേ ശരിവച്ചിരുന്നു. ഇതിനെതിരെ സിമാക്സ് പ്ളാന്റ് പ്രൈവറ്റ് ലിമിറ്റഡ്, ടി.സി.എസ് തുടങ്ങിയവർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, കടകൾ, സെക്യൂരിറ്റി സർവീസ്, കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകേതര തൊഴ‌ിലുകൾ തുടങ്ങിയ മേഖലകൾക്കാണ് ഇത് ബാധകം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വിവരങ്ങൾ വേജ് പേമെന്റ് സംവിധാനത്തിൽ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യാനും വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകാനുമായിരുന്നു ചട്ടഭേദഗതി.

മിനിമം വേതനം ഉറപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സർക്കാരിന് കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശമ്പള വിതരണ രേഖകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുമ്പോൾ രണ്ട് രജിസ്റ്ററുകൾ സൂക്ഷിച്ച് തട്ടിപ്പു നടത്താനിടയുണ്ട്. പുതിയ സംവിധാനത്തിൽ വേതന വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് മുഖേനയോ കാഷ് ആയോ ചെക്കായോ ശമ്പളം നൽകാമെന്ന് മിനിമം വേതന നിയമം പറയുമ്പോൾ ഇതിനെതിരായ ചട്ടഭേദഗതി നിയമ വിരുദ്ധമാണ്. ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ശമ്പളം നൽകാവൂ എന്നു നിഷ്കർഷിക്കാൻ കഴിയില്ല. നിലവിൽ 16 ബാങ്കുകളുടെ അക്കൗണ്ട് വഴിയാണ് ശമ്പളം നൽകുന്നത്.

ഏതു ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കണമെന്ന് തൊഴിലാളിയാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.