കൊച്ചി:നേപ്പാൾ യാത്രയുടെ വിശേഷങ്ങൾ പറയാമെന്ന വാക്കു പാലിക്കാൻ മടങ്ങിവരാത്ത കൂട്ടുകാരുടെ ഓർമ്മകളിൽ അവർ കണ്ണീർ തൂകി. കൂട്ടുകാരുടെ ചിത്രങ്ങളിൽ പൂക്കൾ സമർപ്പിച്ചപ്പോൾ കുട്ടികളും അദ്ധ്യാപകരും തേങ്ങിക്കരഞ്ഞു.
നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരിച്ച എട്ടു പേരിലെ മൂന്നു സഹോദരങ്ങൾ എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ആർച്ച, ശ്രീഭദ്ര, അഭിനവ് എന്നിവർ.
ദിവസങ്ങൾക്ക് മുമ്പ് വരെ ഒരുമിച്ച് ക്ളാസിലിരിക്കുകയും കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത കൂട്ടുകാർ മരണമടഞ്ഞെന്ന് വിശ്വസിക്കാൻ കുട്ടികൾക്ക് കഴിയുന്നില്ല. തിരിച്ചു വരുമ്പോൾ നേപ്പാൾ യാത്രയുടെ വിശേഷങ്ങൾ പറയാമെന്ന് അറിയിച്ചുപോയ കൂട്ടുകാർ ഇനി വരില്ലെന്നത് ഉൾക്കൊള്ളാൻ കൂട്ടുകാർക്ക് കഴിഞ്ഞിട്ടില്ല.
ഇന്നലെ സ്‌കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ എ. ചെന്താമരാക്ഷൻ അനുശോചനപ്രമേയം വായിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും കുട്ടികളും കണ്ണീരോടെയാണ് അവ കേട്ടത്. അവർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിച്ചു. തുടർന്നായിരുന്നു പുഷ്പാർച്ചന. പഠനത്തിലും ചിത്ര രചനയുൾപ്പെടെ പാഠ്യേതര കാര്യങ്ങളിലും മികവ് കാട്ടിയിരുന്നു മൂവരുമെന്ന് അദ്ധ്യാപകർ അനുസ്‌മരിച്ചു.ശ്രീഭദ്ര മൂന്നിലും അർച്ചന രണ്ടിലും അഭിനവ് എൽ.കെ.ജിയിലുമാണ് പഠിച്ചിരുന്നത്.
തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായരുടെയും ശരണ്യയുടെയും മക്കളാണ് മൂവരും. എളമക്കരയിലെ ഫ്ളാറ്റിലായിരുന്നു കുടുംബം വാടകയ്‌ക്ക് താമസിച്ചിരുന്നത്.
ആർ.എസ്.എസ് നേതാവ് പി.ആർ. ശശിധരൻ, രാഷ്ട്രധർമ്മ പരിഷത്ത് പ്രസിഡന്റ് പി. കുട്ടിക്കൃഷ്ണൻ, സെക്രട്ടറി ലക്ഷ്‌മീനാരായണൻ, എം. ശിവദാസൻ തുടങ്ങിയവരും അനുശോചനയോഗത്തിൽ പങ്കടുത്തു. തിരുവനന്തപുരത്തെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.