കൊച്ചി: ഇന്ത്യ ഇന്റർനാഷണൽ ട്രാവൽമാർട്ട് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും അണിനിരക്കുന്ന മേള 25 ന് സമാപിക്കും.
ഏഴു രാജ്യങ്ങളിലെയും ഇരുപത് ഇന്ത്യൻ സംസ്ഥാനങ്ങളിലെയും പ്രതിനിധി സംഘങ്ങളാണ് മേള ഒരുക്കുന്നത്. മലേഷ്യൻ ടൂറിസം ഡയറക്ടർ റാസൈദി അബ്ദ് റഹീം മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ട്രാവൽ ഏജന്റ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ പൗലോസ് കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു.
വിനോദ, ബിസിനസ് യാത്രാ സാധ്യതകളും ബഡ്‌ജറ്റും ഫിനാൻസിംഗും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകൾ നൽകുന്നതെന്ന് സ്പിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു.
കേരളത്തിന് പുറമെ ഹിമാചൽ പ്രദേശ്, ബീഹാർ, പഞ്ചാബ്, ഗുജറാത്ത്, ഗോവ, ജാർഖണ്ഡ്, ജമ്മു കശ്‌മീർ, രാജസ്ഥാൻ, തമിഴ്‌നാട്, ഡൽഹി, അരുണാചൽ പ്രദേശ്, കർണാടക ടൂറിസം വകുപ്പുകൾ പവിലിയനുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 7 വരെ പ്രവേശനം സൗജന്യമാണ്.