എൻ.ഐ.എയും കേന്ദ്ര ഇന്റലിജൻസും റിപ്പോർട്ട് തേടി
തൊടുപുഴ: കാളിയാറിൽ കള്ളനോട്ടുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസും എൻ.ഐ.എയും റിപ്പോർട്ട് തേടി. കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഒറിജനൽ നോട്ടുമായി എത്രമാത്രം സാമ്യമുള്ള നോട്ടാണ് വ്യാജനെന്നും എവിടെയാണ് പ്രിന്റ് ചെയ്തതെന്നും ഇവർ തിരക്കിയിട്ടുണ്ട്. നോട്ട് വീട്ടിൽ തന്നെ അടിച്ചതാണോ അതോ പാക്കിസ്ഥാനിൽ നിന്നോ മറ്റോ വന്നതാണോയെന്നാണ് കേന്ദ്രസംഘത്തിന് അറിയേണ്ടത്. പിടികൂടിയ കള്ളനോട്ടിന്റെ സാമ്പിൾ അയച്ചുകൊടുക്കാനും നിർദേശമുണ്ട്. എന്നാൽ നോട്ട് പ്രതികൾ വീട്ടിൽ തന്നെ അച്ചടിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.
ബുധനാഴ്ചയാണ് 100 രൂപയുടെ 234 നോട്ടുകളുമായി കോതമംഗലം മാലിച്ചാന ഇടയത്തുകുടിയിൽ ഷോൺ ലിയോ (അമൽ- 25), കോതമംഗലം തലക്കോട് കോട്ടേക്കുടി സ്റ്റെഫിൻ ജോസ് (26) എന്നിവരെ കാളിയാർ എസ്.ഐ വി.സി. വിഷ്ണുകുമാർ പിടികൂടിയത്. പ്രതികൾ കോതമംഗലം- വണ്ണപ്പുറം റൂട്ടിലെ കടകളിൽ കയറി ബിസ്‌കറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി കള്ളനോട്ട് ചെലവഴിച്ചു. ഇതിനിടെ സംശയം തോന്നിയ ഒരു കടക്കാരൻ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് പിന്തുടരുന്നതായി സംശയം തോന്നിയ പ്രതികൾ കൈയിലുണ്ടായിരുന്ന 14,000 രൂപയുടെ കള്ളനോട്ടുകൾ റോഡരികിൽ ഉപേക്ഷിച്ച് മുണ്ടൻമുടി ഭാഗത്തേക്ക് പോയി. പിന്തുടർന്നെത്തിയ പൊലീസ് സംഘം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോതമംഗലത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ വേറെ കള്ളനോട്ടുകളും അച്ചടിയന്ത്രവും സാമഗ്രികളും കണ്ടെടുത്തിരുന്നു. ഇവരെ കൂടാതെ മറ്റാരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. 15നാണ് പ്രതികൾ പ്രിന്റർ വാങ്ങുന്നത്. ആദ്യമായാണ് കള്ളനോട്ട് ചെലവഴിക്കാൻ ശ്രമിക്കുന്നതെന്നാണ് പ്രതികൾ പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.
അച്ചടി വീട്ടിൽ തന്നെ
പ്രതികൾ കോതമംഗലത്തെ വീട്ടിൽ തന്നെയാണ് നോട്ടുകൾ അച്ചടിച്ചിരുന്നതെന്നതിന് നിരവധി തെളിവുകൾ പൊലീസിന് ലഭിച്ചു. പിടികൂടിയ അതേ നോട്ടുകൾ കമ്പ്യൂട്ടറിൽ സ്കാൻ ചെയ്ത നിലയിൽ ലഭിച്ചു. നോട്ട് അച്ചടിച്ച ശേഷം കട്ട് ചെയ്ത് മാറ്റിയ വേസ്റ്റ് പേപ്പറിൽ മഷി പടർന്നിട്ടുണ്ട്. നൂറിന്റെ 100 നോട്ടുകൾ കവറിൽ കെട്ടിയ നിലയിൽ ഇവിടെ നിന്ന് ലഭിച്ചു. ബെഡിന്റെ അടിയിൽ നിന്ന് പ്രിന്റ് ചെയ്ത നോട്ടിന്റെ എ ഫോർ സൈസ് ഷീറ്റ് കിട്ടി. ഇതിന്റെ രണ്ട് വശങ്ങളിലും നോട്ടിന്റെ പ്രിന്റുണ്ട്.
മഷി കൃത്യം നൂറിന്റേത്
പ്രതിയുടെ കമ്പ്യൂട്ടറിൽ 50, 20, 10 എന്നീ നോട്ടുകളുടെയും മാതൃകയുണ്ടായിരുന്നു. ഇവ പ്രിന്റെടുത്തെങ്കിലും നൂറിന്റെ മഷിയുടെയത്ര കൃത്യത ഇല്ലായിരുന്നു. അതിനാലാണ് 100 മാത്രം പ്രിന്റെടുക്കാൻ തീരുമാനിച്ചത്.
ഒറിജിനലിനേക്കാൾ വലിപ്പം കുറവ്
ഒറിജിനൽ 100 രൂപ നോട്ടിനേക്കാൾ പൊടിക്ക് വലിപ്പം കുറവാണ് വ്യാജന്. ഒറ്റനോട്ടത്തിൽ തിരിച്ചറിയില്ല. ഒറിജിനൽ നോട്ടിലുള്ള സുരക്ഷാ പ്രത്യേകതകളൊന്നും ഇതിലില്ല. പ്രതികളിൽ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ ഷോണാണ് നോട്ടുകള്‍ നിര്‍മിച്ചിരുന്നത്. സ്റ്റെഫിന്‍ നോട്ടു മാറിയെടുക്കാനും മറ്റും ഇയാളെ സഹായിക്കുകയായിരുന്നു.
സാധനങ്ങൾ വിൽക്കും
കള്ളനോട്ടുകൾ ഉപയോഗിച്ച് കടകളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ പിന്നീട് പലയിടങ്ങളിലായി വിൽക്കുകയായിരുന്നു പതിവ്