s
.

വൈക്കം : ജാതിക്കാണ് ഇവിടെ നീതിയെന്നും ജാതി നോക്കി നീതി നടപ്പാക്കുന്ന നാട്ടിൽ ജാതി പറയാത്തവന് ജീവിക്കാനാവില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ ആസ്ഥാന മന്ദിരം വടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ സാമൂഹ്യനീതിയുടെ മാനദണ്ഡം ഇന്ന് ജാതിയാണ്. എല്ലാ സർക്കാരുകളും ജാതി വോട്ടു ബാങ്കുകൾക്കായി ഖജനാവ് തുറന്നിടുന്നു.

നാമെല്ലാം അവിടെ നിന്ന് തീണ്ടാപ്പാടകലെയാണ്. സാമൂഹ്യനീതി നിഷേധത്തിന്റെ പല രൂപങ്ങളിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇന്നും തുടരുന്നു. അതിനാലാണ് സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വർഷം പിന്നിടുമ്പോഴും ഈഴവനും പട്ടികജാതിക്കാരനും ഇല്ലായ്മയിൽ തന്നെ കഴിയുന്നത്. സ്കൂളിൽ ചേർക്കാൻ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്ലാം ജാതി എന്താണെന്ന് പറയണം. പക്ഷേ ജാതിയുടെ പേരിലുള്ള വിവേചനം ചൂണ്ടിക്കാണിച്ചാൽ അവൻ ജാതി പറയുന്നവനായി. അടുത്ത നിമിഷം തന്നെ മതേതരത്വം എന്ന കള്ളനാണയമെടുത്ത് വിതറും. വെള്ളാപ്പള്ളി നടേശന് മനുഷ്യബന്ധങ്ങളിൽ ജാതിഭേദമില്ല, മതദ്വേഷമില്ല. മറ്റാരെയും പോലെ തന്നെ എല്ലാ ജാതി മതസ്ഥരോടും ഇടപഴകി തന്നെയാണ് ജീവിക്കുന്നത്.

പക്ഷെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ കസേരയിൽ കയറിയിരിക്കുമ്പോൾ ജാതി പറയും. അത് തന്നെ ആ കസേരയിൽ കൈപിടിച്ചിരുത്തിയ ഒരു വലിയ ജനസമൂഹത്തിന് സാമൂഹ്യനീതി ഉറപ്പാക്കാനാണ്. ആ പോരാട്ടത്തിൽ സമവായം എന്നൊന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർമാരായ എ.ജി. തങ്കപ്പൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനവും, പി.ടി.മന്മഥൻ ഗുരുദേവ ചിത്രം അനാച്ഛാദനവും, സി.എം. ബാബു ശ്രീനാരായണ പഠനകേന്ദ്രം ഉദ്ഘാടനവും, ശിവഗിരിമഠം എ.വി. അശോകൻ കെ.ആർ.നാരായണന്റെ ഛായാചിത്രം അനാച്ഛാദനവും നിർവഹിച്ചു. കേന്ദ്ര വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ സംഘടനാ സന്ദേശംം നൽകി. എസ്. അജുലാാൽ, എം.പി. സെൻ, പി.ഡി. ശ്യാംദാസ്, എ.ഡി. പ്രസാദ് ആരിശ്ശേരിൽ, എൻ.കെ. രമണൻ, ലാലിറ്റ് എസ്. തകിടിയേൽ, അഡ്വ. ജീരാജ്, പി.പി. സന്തോഷ്, എസ്. രവി, അനീഷ് പുല്ലുവേലിൽ, സുലഭ സജീവ്, അച്ചു ഗോപി, വി.കെ. രഘുവരൻ, വി.ആർ. അജിത്കുമാർ, കെ.ആർ.ബിജു തുടങ്ങിയവർ പങ്കെടുത്തു. വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് മുന്നിൽ ജനറൽ സെക്രട്ടറിയെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സമ്മേളന സ്ഥലത്തേക്ക് ആനയിച്ചത്.

കേരളകൗമുദി എന്നും ഒപ്പം

എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ കാലത്തും മാദ്ധ്യമങ്ങൾ കൂട്ടുനിന്നിട്ടുണ്ട്. കേരളകൗമുദി മാത്രമാണ് അക്ഷര കവചം തീർത്ത് എന്നും ഒപ്പം നിന്നിട്ടുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നാമിന്ന് അനുഭവിക്കുന്ന സംവരണം ഇല്ലാതാക്കാൻ ഒരിക്കൽ ശ്രമമുണ്ടായി. അന്ന് പത്രാധിപർ കെ.സുകുമാരൻ അതിനെതിരെ ആഞ്ഞടിച്ചു. പത്രാധിപരുടെ പ്രസിദ്ധമായ കുളത്തൂപ്പുഴ പ്രസംഗമാണ് സംവരണം അട്ടിമറിക്കാൻ ശ്രമിച്ചവരെ അതിൽ നിന്ന് പിന്തിരിയാൻ നിർബന്ധിതരാക്കിയത്. പക്ഷേ പത്രാധിപർക്ക് ഉചിതമായ ഒരു സ്മാരകം ഇല്ല. സ്മാരകങ്ങൾ നിർമ്മിക്കുന്നതിൽ പോലും ജാതി വിവേചനമാണ്. പത്രാധിപരോടുള്ള എസ്.എൻ.ഡി.പി യോഗത്തിന്റെ ആദരമായാണ് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പേരിൽ യൂണിയൻ രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.