കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച യോഗവേദിയിലെത്തി വിമർശിച്ച് സംഘർഷമുണ്ടാക്കിയ യുവതിക്കെതിരെയും സംഘാടകർക്കെതിരെയും എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.സംഘാടകരുടെയും യുവതിയുടെയും പരാതിയിലാണ് കേസ്.
യോഗം അലങ്കോലപ്പെടുത്താൻശ്രമിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരെ ബി.ജെ.പി. വ്യവസായ സെൽ കൺവീനറും പരിപാടിയുടെ മുഖ്യ സംഘാടകയുമായ സജിനി ചൊവ്വാഴ്ചനൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ആതിരയെ സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. ഈ കേസ് തുടർ അന്വേഷണത്തിനായി എറണാകുളം വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.
ആതിരയുടെ പരാതിയിൽ സംഘം ചേർന്ന് ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വിശ്വഹിന്ദുപരിഷത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ഹാളിൽ ക്ഷേത്രത്തിലെ മാതൃയോഗമാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന കൺവീനറുമായ രാജു പി. നായരും കമ്മിഷണർക്ക് പരാതി നൽകി.