കിഴക്കമ്പലം: പള്ളിക്കര മനയ്ക്കക്കടവ് കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ശൗചാലയം ഉപയോഗിക്കുന്നതിനെച്ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. കുത്തേറ്റ രണ്ടാംവർഷ ബി.ബി.എ വിദ്യാർഥി അനന്തുകൃഷ്ണനെ (20) കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര ഗാന്ധിനഗർ സ്വദേശി അമലിനെ (20) പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെ ബി.ബി.എ രണ്ടാംവർഷ, മൂന്നാംവർഷ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം.
വയറിനു കുത്തേറ്റ അനന്തുകൃഷ്ണനെ പ്രിൻസിപ്പലിന്റെ കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിനു ശേഷം പ്രതി രക്ഷപെടാതിരിക്കാൻ ഗേറ്റ് പൂട്ടി. തുടർന്ന് കുന്നത്തുനാട് സി.ഐ വി.ടി. ഷാജൻ, എസ്.ഐ കെ.ടി. ഷൈജൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ മനയ്ക്കക്കടവ് ജംഗ്ഷനിൽവച്ച് അടിപിടി ഉണ്ടായിരുന്നു. ഇൗ സംഭവത്തിനു തുടർച്ചയാണ് ഇന്നലത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു.