ആലുവ: കെ.എസ്.ഇ.ബി ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വക്കീൽ ഓഫീസുകളിൽ വെള്ളം ഇരച്ചുകയറി. ആലുവ സബ് ജയിൽ റോഡിന്റെ ഗ്രൗണ്ടിന് മുന്നിലായാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. രാത്രി വൈദ്യുതി കേബിൾ സ്ഥാപിക്കുമ്പോഴാണ് കുടിവെള്ള പൈപ്പ് തകർന്നത്. സമീപത്തെ ഓഫീസുകളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന വെള്ളം കാനകളിലേക്ക് വഴി തിരിച്ച് വിട്ടു. ഉച്ചയോടെയാണ് പൈപ്പ് അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കിയത്.
കഴിഞ്ഞ മൂന്നുമാസമായി വൈദ്യുതിലൈൻ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. എന്നാൽ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനാലും വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലാത്തതിനാലും ജനങ്ങളും യാത്രക്കാരും ദുരിതത്തിലാണ്. നഗരത്തിൽ റോഡുകളില്ലെലാം കുഴിയെടുത്തോടെ താറുമാറായി കിടക്കുകയാണ്. പൊതുമരാമത്ത് ടാർ ചെയ്ത് പോകുന്നതിന് തൊട്ടുപിന്നാലെ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൈപ്പ് ലൈനുകൾ പോകുന്നവഴി ജല അതോറിറ്റി വ്യക്തമാക്കുന്നില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ പരാതി. അതേസമയം മെഷീൻ ഉപയോഗിച്ച് കുഴിയെടുക്കുന്നതിന് മുന്നോടിയായി സ്‌കാനിംഗ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടാകുന്നില്ലെന്ന് വാട്ടർ അതോറിറ്റിയും വാദിക്കുന്നു.