ആലുവ: യുവാവിനെ തട്ടിക്കൊണ്ടുപോയി സ്‌കൂട്ടറും മൊബൈലും കവർച്ച ചെയ്ത ശേഷം കൊലപ്പെടുത്തുവാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ ആലുവ പൊലീസ് അറസ്റ്റുചെയ്തു. ആലുവയിലെ ബാറിലെ മുൻജീവനക്കാരനായ കോട്ടയം ഉഴവൂർ സ്വദേശി ക്രിസ്റ്റിൻ ജോസിനെയാണ് തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കല്ലിൽ പാർപ്പിച്ച് മർദ്ദിച്ചത്.
സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ ലോകമല്ലേശ്വരം തിരുവള്ളൂർ മനപ്പിള്ളി വീട്ടിൽ രതീഷ് (25), അഴീക്കോട് ആളൻപറമ്പിൽ വീട്ടിൽ ബിന്യമൻ എന്ന സക്കു (30), ലോകമല്ലേശ്വരം ആവണിപ്പിള്ളിൽ വീട്ടിൽ വിഷ്ണു പ്രസാദ് (25), മേത്തല ഫിഷർമാൻ കോളിനി കല്ലുമടത്തിൽ രാമചന്ദ് എന്ന രാമൻ (21), പുല്ലൂറ്റ് മതിലകത്ത് വീട്ടിൽ അൻസാഫ് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പൊലീസ് പറയുന്നത്: ക്രിസ്റ്റിൻ ജോസിന്റെ സുഹൃത്തായ ഷാൽബിനെ അന്വേഷിച്ചാണ് ചൊവ്വാഴ്ച പ്രതികൾ ആലുവയിലെത്തിയത്. ക്രിസ്റ്റിൻ ജോസുമായി സംസാരിച്ച ശേഷം ഇയാളുടെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത് പ്രതികളുടെ കാറിൽ ബലമായി പിടിച്ചുകയറ്റി വാഹനത്തിന്റെ അകത്തുവെച്ച് മർദ്ദിച്ചു. തുടർന്ന് ഒഴിഞ്ഞ വയലിൽ കൊണ്ടുപോയി മർദ്ദനം തുടർന്നു. പ്രതികളിൽ ഒരാൾ കൈവശം സൂക്ഷിച്ചിരുന്ന വാക്കിംഗ് സ്റ്റിക്ക്‌കൊണ്ട് ക്രിസ്റ്റിന്റെ തലയ്ക്കടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു.
തുടർന്ന് കൊടുങ്ങല്ലൂർ ഭാഗത്തുള്ള ഒരു വീട്ടിൽ കൊണ്ടുപോയി അന്യായതടവിൽ പാർപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ ക്രിസ്റ്റിന്റെ മൊബൈൽഫോണും സംഘം പിടിച്ചെടുത്തു. പിറ്റേന്ന് രാവിലെ പത്തോടെ അഞ്ച് പ്രതികളും ചേർന്ന് കാറിൽ കയറ്റി ആലുവ ഭാഗത്തേക്ക് കൊണ്ടുവന്നു. ഈ സമയത്തും കാറിൽ വെച്ച് ക്രിസ്റ്റിനെ മർദ്ദിച്ചു. പ്രതികൾ മദ്യം വാങ്ങാൻ ബിവറേജസ് ഷോപ്പിന് സമീപം കാർ നിറുത്തി പുറത്തിറങ്ങിയപ്പോൾ ക്രിസ്റ്റിൻ ഇറങ്ങിഓടി അടുത്തള്ള വീട്ടിൽ കയറി രക്ഷപെടുകയായിരുന്നു. വീട്ടുകാരാണ് പൊലിസിനെ വിളിച്ചുവരുത്തി ക്രിസ്റ്റിനെ ആശുപത്രിയിലാക്കിയത്.
അറസ്റ്റിലായ അഞ്ച് പേരുടേയും സുഹൃത്തായ ഗോകുലിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഗോകുലിനെ കുടുക്കിയത് ക്രിസ്റ്റിന്റെ സുഹൃത്ത് ഷാൽബിയാണെന്നാണ് പ്രതികളുടെ വാദം. ഷാൽബിയെ കിട്ടുന്നതിനാണ് പ്രതികൾ ക്രിസ്റ്റിനെ തട്ടിക്കൊണ്ടുപോയത്.
റൂറൽ എസ്.പി. കെ. കാർത്തികിന്റെ നിർദേശപ്രകാരം ആലുവ ഡിവൈ.എസ്.പി. ജി. വേണുവിന്റെ നേതൃത്വത്തിൽ ആലുവ സി.ഐ. വി.എസ്. നവാസ്, എസ്.ഐ.മാരായ ഇ.എസ്. സാംസൻ, പി.കെ. മോഹിത്, എസ്.സി.പി.ഒ. നവാബ്, ഷാഹി, മീരാൻ, സി.പി.ഒ. നൗഫൽ, ഡബ്യു.സി.പി.ഒ ഷൈജ ജോർജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.