detective

കൊച്ചി: സംസ്ഥാനത്ത് ഡിറ്റക്ടീവ് ട്രെയിനിംഗ് സ്‌കൂൾ ആരംഭിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. കേസ് അന്വേഷണം കൂടുതൽ ശാസ്ത്രീയമാക്കുന്നതിനാണിത്. അടുത്ത മാസം കൊച്ചിയിൽ സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കും. ഇതോടെ, കേരളത്തിലെ ആദ്യത്തെ ഡിറ്റക്ടീവ് ട്രെയിനിംഗ് സ്‌കൂൾ എന്ന് ഖ്യാതി സംസ്ഥാന പൊലീസിന് സ്വന്തമാകും. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരും പുതുതായി ക്രൈം ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുമായിരിക്കും ക്ലാസിലെ വിദ്യാർത്ഥികൾ. ഇതേക്കുറിച്ചടക്കം ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി 'ഫ്ലാഷി'നോട് വിശദീകരിക്കുന്നു:

ക്ളാസെടുക്കാൻ പ്രമുഖർ
പോക്‌സോ കേസിലടക്കം കുറ്റമറ്റ രീതിയിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും പ്രതികൾ രക്ഷപ്പെടാൻ കഴിയാത്ത വിധം കുറ്റപത്രം തയ്യാറാക്കുന്നതിലും പൊലീസിന് പലപ്പോഴും വീഴ്ച സംഭവിക്കാറുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതെ എല്ലാ കേസ് അന്വേഷണങ്ങളും സുഗമമായി അവസാനിപ്പിക്കേണ്ടതുണ്ട്. ഡിറ്റക്ടീവ് ട്രെയിനിംഗ് സ്‌കൂൾ ആരംഭിക്കാനുള്ള പ്രധാന കാരണം ഇതാണ്. പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർമാർ, നിയമ വിദഗ്ദ്ധർ എന്നിവരെയെല്ലാം സ്‌കൂളിന്റെ ഭാഗമാക്കും.

ചിന്ന കേസുകൾക്ക് വിട
250 ഉദ്യോഗസ്ഥരാണ് ക്രൈംബ്രാഞ്ചിന് കീഴിലുള്ളത്. ഒരാൾ പ്രതിമാസം 30കേസുകൾ അന്വേഷിച്ചിക്കുന്ന രീതിയായിരുന്നു നാളിതുവരെ. എന്നാൽ, ഇന്ന് അതല്ല അവസ്ഥ. ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറച്ചു. കേസ് അന്വേഷണം 30ൽ നിന്ന് 5 കേസുകളിലേക്ക് ചുരുക്കി. കേസുകൾ വിശദമായി പഠിക്കാനും അന്വേഷണത്തിൽ വഴിത്തിരിവും അറസ്റ്റുമുണ്ടാക്കാനും ഇത് സഹായിച്ചതിന് തെളിവാണ് അടുത്തിടെ ക്രൈംബ്രാഞ്ച് അന്വേഷിച്ച് പൂർത്തിയാക്കിയ കേസുകൾ. നിലവിൽ, ചെറിയ കേസുകളൊന്നും ക്രൈം ബ്രാഞ്ച് എടുക്കുന്നില്ല. നിരവധി കേസുകളാണ് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക് എത്തുന്നത്. എന്നാൽ, ഫയലുകൾ പഠിച്ച ശേഷം മാത്രമാണ് കേസ് ഏറ്റെടുക്കുന്നത്. സർക്കാർ ഇത്തരമൊരു അനുമതി നൽകിയതാണ് ഗുണമായത്.

കഴിഞ്ഞ നവംബറിൽ ക്രൈംബ്രാഞ്ചിൽ അടിമുടി മാറ്റം കൊണ്ടുവന്നിരുന്നു. ഡെപ്യൂട്ടേഷനിൽ ക്രൈം ബ്രാഞ്ചിൽ വർഷങ്ങളായി ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റി. പൊലീസ് സേനയിലെ കുറ്റാന്വേഷണ വൈദഗ്ദ്ധ്യമുള്ള ചെറുപ്പക്കാർക്ക് ക്രൈംബ്രാഞ്ചിൽ അവസരം നൽകി. പരീക്ഷയിലൂടെയായിരുന്നു ഇവരെ ക്രൈംബ്രാഞ്ചിലേക്ക് എടുത്തത്. ക്രൈംബ്രാഞ്ചിനെ മിനി സി.ബി.ഐ ആക്കുകയാണ് ലക്ഷ്യം.

ട്രെയിനിംഗ് കേന്ദ്രങ്ങൾ മൂന്ന്

രാജ്യത്ത് മൂന്ന് ഡിറ്റക്ടീവ് ട്രെയിനിംഗ് സ്ഥാപനങ്ങളാണുള്ളത്. ചണ്ഡിഗഢിലും ഹൈദരാബാദിലും ഇൻസ്റ്റിറ്റ്യൂട്ടുകളും ഉത്തർപ്രദേശിൽ ഒരു സ്കൂളും. കേരളത്തിൽ സ്വകാര്യ ഡിറ്റക്ടീവ് സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സേനയുടെ ഭാഗമായ ആദ്യ സ്‌കൂളാണ് കൊച്ചിയിൽ തുടങ്ങുന്നത്.