കൊച്ചി: പ്രസിദ്ധമായ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടുമുതൽ ഒമ്പതുവരെ പമ്പാനദിയുടെ മണപ്പുറത്ത് വിദ്യാധിരാജ നഗറിൽ നടക്കും. കോലാപ്പൂർ കനേരി മഠാധിപതി സ്വാമി അദൃശ്യ കാട്‌സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം മൈസൂർ അവധൂതദത്താപീഠം മഠാധിപതി ഡോ. ഗണപതി സച്ചിദാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യും. അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിക്കും.
വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ നവോത്ഥാന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 107 വർഷം മുമ്പ് മതപരിഷത്ത് ആരംഭിച്ചത്. ചട്ടമ്പിസ്വാമിയുടെ പ്രധാന ശിഷ്യനായിരുന്ന തീർത്ഥപാദ പരമഹംസസ്വാമിയാണ് 1913 ൽ ഒരാഴ്ചനീളുന്ന മതപ്രഭാഷണയോഗം ആരംഭിച്ചതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1008 പേരുടെ സമൂഹമഹാഗണപതിഹോമം, മഹായതിപൂജ, രുദ്രഹോമം, ആചാര്യസമാദരണസഭ, 1008 പേരുടെ നാരായണീയ പാരായണം, നാരായണീയ പാഠകരെ ആദരിക്കൽ, സെമിനാറും കർഷകരെ ആദരിക്കലും, പമ്പാ ആരതി, അനുഷ്ഠാനകലാകാരന്മാരെ ആദരിക്കൽ, മാതൃവന്ദനം അന്താരാഷ്ട്ര ഹിന്ദു നേതൃസമ്മേളനം, മതപാഠശാല, ബാലഗോകുല സമ്മേളനം, വനിതാസമ്മേളനം, അയ്യപ്പഭക്ത സമ്മേളനം, ആചാര്യാനുസ്മരണ സമ്മേളനം എന്നിവയും സംഘടിപ്പിക്കും.