പറവൂർ : പെരിയാറിന് കുറുകെയുള്ള ചേന്ദമംഗലം പഴയ മരപ്പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് വീണ വൃദ്ധൻ മരിച്ചു. ചേന്ദമംഗലം തെക്കുംപുറം തുണ്ടിപ്പറമ്പിൽ മണി (75) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടം.
കോട്ടയത്തുള്ള മകളോടൊപ്പമാണ് മണിയും ഭാര്യയും താമസിക്കുന്നത്. തെക്കുംപുറത്തുള്ള വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇതിന്റെ വാടകവാങ്ങാൻ എത്തിയതാണ് മണി. തിരികെ നീറിക്കോടുള്ള മറ്റൊരു മകളുടെ വീട്ടിലേക്ക് പാലത്തിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം. പാലത്തിന്റെ പലഭാഗത്തും മരപ്പലകകൾ ഇളകിപ്പോയിട്ടുണ്ട്. ഇതിന്റെ ഇടയിലൂടെയാണ് പുഴയിലേയ്ക്ക് വീണത്. പരിസരത്തുണ്ടായിരുന്നവർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് ചേന്ദമംഗലം മരപ്പാലത്തിന്. സ്വകാര്യ ബസ് സ്റ്റാൻഡിലേയ്ക്കും മറ്റും എളുപ്പമെത്താൻ ഇതിലൂടെ നേരത്ത നാട്ടുകാർ നടന്നുപോകാറുണ്ടായിരുന്നു. മരപ്പലകകൾ ഇളകിപ്പോയതിനാൽ ഇപ്പോൾ ആരും ഉപയോഗിക്കാറില്ല. പാലത്തിനു അടിയിലുള്ള മരങ്ങളുടെ ചില്ലകളും വള്ളികളും കൊണ്ട് ഇവിടം കാടുപിടിച്ചു കിടക്കുകയാണിപ്പോൾ. 32 വർഷം മുമ്പ് കോൺക്രീറ്റ് പാലം സമീപം പണിതതോടെ ഇതിലൂടെയാണ് ഇപ്പോൾ ഗതാഗതം.
പറവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: കമലം. മക്കൾ: സന്ധ്യ, ദിവ്യ, ദർശന, രശ്മി. മരുമക്കൾ: അജിത്ത്കുമാർ, മുരളി, രതീഷ്, സുഭാഷ്.