കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം ആന്തരികാവയവങ്ങളിൽ കാമറകൾ ഉപയോഗിച്ച് നടത്തുന്ന റോബോട്ടിക് ശാസ്ത്രക്രിയകൾ ചർച്ചാവിഷയമായി.
ചെറിയ ദ്വാരങ്ങൾ വഴി കടത്തിവിടുന്ന മിനിയേച്ചർ ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് കണ്ണിന്റെ ത്രീഡി ദൃശ്യശേഷിയും കൈകളുടെ വൈദഗ്ദ്ധ്യവും നൽകാൻ കഴിയുമെന്ന് സംഘാടക സമിതി സെക്രട്ടറി ഡോ. വിനോദ് കെ.വി പറഞ്ഞു.
യൂറോളജി ശസ്ത്രക്രിയയിൽ റോബോട്ടുകളുടേയും നിർമ്മിത ബുദ്ധിയുടെയും പ്രാധാന്യം, പുതിയ ചികിത്സാരീതികൾ സംബന്ധിച്ച ചർച്ചകളും ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കുന്നുണ്ട്.
ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിന് കേരള യൂറോളജിക്കൽ അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. നാല് ദിവസത്തെ സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും 2500 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.