പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിൽ കാൽലക്ഷം തൊഴിലാളികൾ അണിനിരക്കും. വൈകിട്ട് അഞ്ചിന് ആശ്രമം സ്കൂൾ പരിസരത്ത് ആരംഭിക്കുന്ന റാലി സുബാഷ് പാർക്കിലെ ടി.പി. ഹസൻ നഗറിൽ സമാപിക്കും.
റാലിക്ക് ശേഷം ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ മുഖ്യ അതിഥിയായാകും. എം.പിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് തുടങ്ങിയവർ പ്രസംഗിക്കും. സ്വാഗതസംഘം ചെയർമാൻ പി.ടി. പോൾ സ്വാഗതവും ജനറൽ കൺവീനർ ഡേവിഡ് തോപ്പിലാൻ നന്ദിയും പറയും.
രാഷ്ട്രീയ, ട്രേഡ് യൂണിയൻ രംഗത്തെ കുലപതികളായ ടി.എച്ച്. മുസ്തഫ, പി.പി. തങ്കച്ചൻ എന്നിവരെ ആദരിക്കും. മുളന്തുരുത്തിയിലെ ചുമട്ടു തൊഴിലാളികളെ 46 വർഷമായി നയിക്കുന്ന മുൻ ഡി.സി.സി പ്രസിഡന്റ് വി.ജെ. പൗലോസ്, മുതിർന്ന നേതാക്കളായ ഐ.എൻ.ടി.യു.സി പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. പത്രോസ്, ജില്ലാ കമ്മിറ്റി അംഗം വി.കെ. ശ്രീധരൻ എന്നിവരെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആദരിക്കും. എറണാകുളം ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിലിനെ എൽദോസ് കുന്നപ്പള്ളി എം.എൽ.എ ആദരിക്കും.