കിഴക്കമ്പലം: ജനകീയ കൂട്ടായ്മയായ ട്വന്റി20യുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സ്വിറ്റ്സർലൻഡ് എം.പി മാർക്കസ് ഏബി കിഴക്കമ്പലത്ത് എത്തി. പഞ്ചായത്തിലെ തോടുകളിലെ തടയണകൾ, ആടുഗ്രാമം, കോഴി ഫാം, മത്സ്യക്കൃഷി, ഗോഡ്‌സ് വില്ല എന്നിവ സന്ദർശിച്ചു കർഷകരുമായി സംസാരിച്ചു. സ്വിറ്റ്സർലൻഡുമായി സഹകരിച്ച് കിഴക്കമ്പലത്തെ പാലുൽപാദനത്തിന്റെ ഹബ് ആക്കി മാറ്റുവാൻ ധാരണ ആയതായി ചീഫ് കോഓർഡിനേറ്റർ സാബു.എം.ജേക്കബ് പറഞ്ഞു. ഓരോ കുടുംബത്തിനും 25 മുതൽ 40 വരെ എണ്ണമുള്ള കന്നുകാലികൾ ഉൾപ്പെട്ട യൂണിറ്റ് ആരംഭിക്കും. പാലും, പാൽ ഉല്പന്നങ്ങളും ഗുണം ചോർന്നു പോകാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വേർ തിരിക്കുന്ന യൂണിറ്റുകൾ പഞ്ചായത്തിൽ ആരംഭിക്കുവാനാണ് പദ്ധതി. പഞ്ചായത്തിലെ പാവപ്പെട്ടവർക്ക് ട്വന്റി20യിലൂടെ ഉയർന്ന ജീവിത നിലവാരം ലഭിക്കുന്നുണ്ട്. തുടർന്നും സ്വിറ്റ്സർലൻഡിൽ നിന്നുള്ള മന്ത്റി സംഘവും കിഴക്കമ്പലത്ത് എത്തി തുടർ ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.