കൊച്ചി: മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ ആവിഷ്‌കരിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി മുന്നോട്ട്. സഹോദരൻ അയ്യപ്പൻ റോഡിലെ കാനയിൽ വെള്ളത്തിന്റെ ഒഴുക്കിന് തടസമാകുന്ന നിലയിൽ അനധികൃതമായി നിർമ്മിച്ചിരുന്ന കലുങ്ക് പൊളിച്ചു മാറ്റി. കളക്ടർ എസ്.സുഹാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സമാനമായ തടസങ്ങൾ മറ്റിടങ്ങളിലും നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാൻ കളക്ടർ നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ നോഡൽ ഓഫീസറായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച കർമ്മസേനയാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.
# ജനങ്ങളുമായി സംവദിച്ച് കളക്ടർ
നഗരത്തിലെ കനാലുകളിലും ഓടകളിലും വെള്ളമൊഴുക്കിന് ഭംഗമുണ്ടാക്കുന്ന തടസങ്ങൾ നീക്കുന്ന ജോലിയാണ് മൂന്നാം ദിവസമായ ഇന്നലെ നടന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച സഹോദരൻ അയ്യപ്പൻ റോഡ്, ഡിവിഷൻ 46 ലെ ശോഭാ റോഡ്, നെടുന്തോട്ടിങ്കൽ തോട് എന്നിവിടങ്ങളിൽ കളക്ടർ സന്ദർശനം നടത്തി. ഉദ്യോഗസ്ഥർ, കരാറുകാർ, തൊഴിലാളികൾ എന്നിവരുമായി ആശയ വിനിമയം നടത്തി. ജനങ്ങളുടെ സഹകരണത്തോടും പങ്കാളിത്തത്തോടും പദ്ധതി സുഗമമായി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കളക്ടർ പറഞ്ഞു.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ ആരംഭിച്ചത് ഇങ്ങനെ
ഒക്ടോബർ 21ലെ കനത്ത മഴയെ തുടർന്ന് നഗരം വെള്ളക്കെട്ടിലായ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി ആവിഷ്‌കരിച്ചത്. 21ന് ഒറ്റരാത്രിയിലെ ഓപ്പറേഷനിലൂടെ നഗരത്തെ പൂർവസ്ഥിതിയിലെത്തിച്ചിരുന്നു. ഓടകളിലെയും കനാലുകളിലെയും തടസങ്ങൾ നീക്കിയും വെള്ളം പമ്പു ചെയ്ത് ഒഴുക്കിയുമാണ് നഗരത്തെ സാധാരണനിലയിലെത്തിച്ചത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ തുടർനടപടികൾ ആവിഷ്‌കരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി.
# പദ്ധതി ഇതുവരെ
അമ്മൻ കോവിൽ റോഡ്, എളമക്കര സൗത്ത്, പരമാര റോഡ്, വിവേകാനന്ദ തോട്, പനമ്പിള്ളി നഗർ, പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തടസങ്ങൾ നീക്കിയിരുന്നു.
തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് നിവാരത്തിനായി നടപ്പാക്കിയ ഓപ്പറേഷൻ അനന്തയുടെ മാതൃകയിലുള്ള സമഗ്ര പദ്ധതിയായാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ .
സ്‌പെഷ്യൽ സെലിന്റെ നിരീക്ഷണത്തിൽ
ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോർപ്പറേഷൻ, റവന്യൂ, സർവെ, പൊലീസ് വകുപ്പുകൾ ഉൾപ്പെട്ട സ്‌പെഷ്യൽ സെൽ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കും. വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാർട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 31നകം 36 പ്രവർത്തികൾ ഉൾപ്പെട്ട പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും
200 ലേറെ പ്രവർത്തികളിൽ 36 എണ്ണമാണ് ഇതിനകം ആരംഭിച്ചു