road
പൊടി നിറഞ്ഞ റോഡ്

കിഴക്കമ്പലം: പൊടി മൂലം ജീവിതം വഴിമുട്ടി. പട്ടിമറ്റം പത്താംമൈൽ റോഡരുകിലുള്ളവർ നിത്യ രോഗികളാകുന്നു. നിർമ്മാണം തുടങ്ങിയിടത്തു തന്നെ നിൽകുന്ന ഈ റോഡിൽ ഇനി എന്ന് പണി തുടങ്ങുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ടു വർഷമായെങ്കിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. റോഡരികിലുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് ശക്തമായ പൊടിമൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങളും പിടിപെട്ടു. കഴിഞ്ഞ ദിവസം കുഴിയുള്ള ഭാഗത്ത് മെ​റ്റൽ ഇട്ടതു മൂലം കരിങ്കൽപ്പൊടി ഉയർന്നു പൊങ്ങുകയാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം പല ബസുകളും ഈ റൂട്ടിലൂടെയുള്ള സർവീസ് നിർത്തിയിരിക്കുകയാണ് . രൂക്ഷമായ പൊടിശല്യം മൂലം പല വീടുകളിലെയും മുൻവശം ടാർപ്പായ ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. ഈ റോഡിൽ വാട്ടർ അതോറി​റ്റിയുടെ പൈപ്പ് മാ​റ്റിയിടൽ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. മനയ്ക്കക്കടവ് -കിഴക്കമ്പലം-പട്ടിമ​റ്റം, പട്ടിമ​റ്റം -പത്താംമൈൽ, പട്ടിമ​റ്റം - നെല്ലാട് റോഡുകൾക്കായി കിഫ്ബി 32.64 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കാനാണ് പദ്ധതി. ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും വർഷം രണ്ടു പിന്നിട്ടിട്ടും റോഡ് നിർമാണത്തിൽ യാതൊരു പുരോഗതിയുമില്ല. ഇതു സംബന്ധിച്ച് ജനപ്രതിനിധികളോട് ചോദിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ അലംഭാവമെന്നാണ് മറുപടി. എന്നാൽ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ കരാറുകാർക്ക് ഫണ്ട് ലഭിച്ചില്ലെന്ന മറുപടിയും. റോഡ് നിർമാണത്തിന്റെ കാര്യത്തിൽ ഇതു വരെ വ്യക്തത വരുത്താൻ ആർക്കും സാധിക്കുന്നില്ലെന്നതാണ് വസ്തുത.

ഏഴു കിലോമീ​റ്റർ വരുന്ന പട്ടിമ​റ്റം പത്താംമൈൽ റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവർ കുണ്ടും കുഴിയും ചാടി മടുത്തു.

അടുത്ത ആഴ്ച പ്രവർത്തനം ആരംഭിക്കും

റോഡിന് കിഫ്ബി ഫണ്ട് അനുവദിച്ചിട്ടും നിർമാണം ആരംഭിക്കുവാൻ വൈകുന്നത് മൂവാ​റ്റുപുഴ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ അലംഭാവം മൂലമാണ്. ഈ റോഡിന്റെ നിർമാണ ചുമതലയിൽ നിന്ന് എൻജിനീയറെ മാ​റ്റണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്റിക്കും, സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. അടുത്ത ആഴ്ച റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ..

വി.പി.സജീന്ദ്രൻ എം.എൽ.എ

നാൾ വഴികൾ

കിഫ്ബി ഫണ്ട് 32.64 കോടി

പദ്ധതി ആധുനിക നിലവാരത്തിൽ പണിയാൻ

ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും

ഇപ്പോൾ നിർമാണം ആരംഭിച്ചിട്ട് 2 വർഷം