കൊച്ചി: തൂക്കക്കുറവും പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാത്തതിനാലുള്ള പ്രശ്‌നങ്ങളും പൂർണവളർച്ച പ്രാപിക്കാതിരുന്ന ശ്വാസകോശങ്ങളുമായി അടിക്കടി അണുബാധകളോട് പൊരുതിയിരുന്ന എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരൾമാറ്റ ശസ്ത്രക്രിയ വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കി. പെരിന്തൽമണ്ണ തിരൂർക്കാട് നെച്ചിത്തടത്തിൽ നൗഫലിന്റേയും ജിഷാബിയുടെയും മകൻ റബീഹാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
കഴിഞ്ഞ ജൂലായിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആറുകിലോ മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ആ പ്രായത്തിൽ ചുരുങ്ങിയത് 9 കിലോയെങ്കിലും വേണ്ടിടത്തായിരുന്നു ഈ തൂക്കം. കടുത്ത മഞ്ഞപ്പിത്തബാധയായിരുന്നു മറ്റൊരു പ്രശ്‌നം. ബിലിയറി അട്രീസീയ എന്ന അപൂർവ രോഗമായിരുന്നു റബീഹിനെ വലച്ചത്. ഇതിനായി നേരത്തെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കുട്ടിയെ പരിശോധിച്ച ഡോ. അഭിഷേക് യാദവിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ കരൾമാറ്റിവെയ്ക്കൽ മാത്രമേ രക്ഷിക്കുകയുള്ളുവെന്ന് കണ്ടെത്തി. കുഞ്ഞു വയറിൽ കൊള്ളാവുന്ന ചെറിയ കരൾഭാഗം കണ്ടുപിടിക്കലും 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റർ മാറ്റുന്നതുമായിരുന്നു ഈ ശസ്ത്രക്രിയയിലെ പ്രധാന വെല്ലുവിളികൾ. കുഞ്ഞിന്റെ പിതാവിന്റെ കരളിന്റെ ഇടതുവശത്തു നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് ആദ്യപ്രശ്നം പരിഹരിച്ചു. കരൾമാറ്റത്തിനു പിന്നാലെ കുഞ്ഞിന്റെ ശ്വാസനാളത്തിലേയ്ക്ക് കൃത്രിമവഴിയുണ്ടാക്കുന്ന ട്രാക്കിയോസ്‌റ്റോമി എന്ന മാർഗത്തിലൂടെ സുഗമമായി ശ്വാസമെടുക്കുന്നതിന് അവനെ സഹായിച്ചു. ശ്വാസനാളം പൂർണവളർച്ച എത്താത്തതിനാൽ കുഞ്ഞുങ്ങളിൽ ട്രാക്കിയോസ്‌റ്റോമി ചെയ്യുന്നത് എളുപ്പമല്ല. എന്നാൽ റബീഹിന്റെ കാര്യത്തിൽ ഈ പരീക്ഷണം വിജയിച്ചു. സ്വന്തമായി ശ്വസിക്കാറാവും വരെ ശസ്ത്രക്രിയക്കു ശേഷം 89 ദിവസമാണ് അവൻ വെന്റിലേറ്ററിൽ കിടന്നത്. ആശുപത്രിയിൽ വച്ചുതന്നെ ഒന്നാം ജന്മദിനവും ആഘോഷിച്ച ശേഷമാണ് കുഞ്ഞ് ആശുപത്രിവിട്ടതെന്ന് ഡോ. അഭിഷേക് പറഞ്ഞു. ഹെപ്പറ്റോളജിസ്റ്റ് ഡോ. മായാ പീതാംബരൻ, അനസ്‌തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ ഡിപ്പാർട്‌മെന്റിലെ ഡോ. മോഹൻ മാത്യു, ഡോ. നിത, നിയോനേറ്റോളജിസ്റ്റ് ഡോ. സതീഷ്‌കുമാർ എന്നിവരും റബീഹിന്റെ ചികിത്സയിൽ പങ്കെടുത്തു.