കൊച്ചി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ നാലാമത് എക്സലൻസ് ഇൻ സോഷ്യൽ സർവീസ് അവാർഡുകൾ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. മികച്ച സാമൂഹ്യപ്രവർത്തകനുള്ള ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് തിരുവനന്തപുരം സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകനും ചെയർമാനുമായ കെ.എൻ ആനന്ദകുമാറും മികച്ച സംഘടനയ്ക്കുള്ള രണ്ടുലക്ഷം രൂപയും ഫലകവും തിരുവനന്തപുരം പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ രാജഗോപാലും ഏറ്റുവാങ്ങി. മികച്ച പ്രവർത്തനത്തിനുള്ള വ്യക്തിഗത അവാർഡ് തിരുവനന്തപുരം സ്വദേശിനി എസ്. ലതനായർ, മലപ്പുറം സ്വദേശിനി എ. യാസ്‌മിൻ, പാലക്കാട് സ്വദേശികളായ സിഫിയ ഹനീഫ്, അലി പാലത്തിങ്കൽ, തൃശൂർ സ്വദേശി ഫാ.തോമസ് പൂപ്പാടി എന്നിവർ നേടി. സംഘടനാ വിഭാഗത്തിൽ എറണാകുളം ബട്ടർഫ്ളൈ കാൻസർ കെയർ ഫൗണ്ടേഷൻ, കോതമംഗലം സ്‌നേഹസദൻ, മലപ്പുറം വെട്ടം കലാസാംസ്‌കാരിക സമിതി, കണ്ണൂർ തിരുരക്താശ്രമം എന്നിവരും അവാർഡ് നേടി.
ഫൗണ്ടേഷൻ ഡയറക്ടർ ഷീല കൊച്ചൗസേപ്പ് വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ.കെ.ചിറ്റിലപ്പിള്ളിക്ക് ന്യൂസ് ലെറ്റർ കൈമാറി പ്രകാശിപ്പിച്ചു. ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, ഡയറക്ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്‌ലി താടിക്കാരൻ തുടങ്ങിയവരും പങ്കെടുത്തു.
ഫോട്ടോ-
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഡോ. എം.ആർ. രാജഗോപാൽ, കെ.എൻ ആനന്ദകുമാർ എന്നിവർ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കൊപ്പം. ജേക്കബ് കുരുവിള, ഷീല കൊച്ചൗസേപ്പ്, മിഥുൻ.കെ.ചിറ്റിലപ്പിള്ളി, ഡോ.ജോർജ് സ്ലീബ എന്നിവർ സമീപം.