robot
ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന റോബോട്ടിനൊപ്പം ഡോ. കിഷോർ ടി.എയും ഡോ. ഗിനിൽകുമാറും

കൊച്ചി : റോബോട്ടിക് ശസ്ത്രക്രിയ സൂക്ഷ്‌മ‌വും സുരക്ഷിതവും രോഗിയ്ക്ക് ഏറ്റവും സൗകര്യപ്രദമായതുമാണെന്ന് യൂറോളജി വിദഗ്ദ്ധർ. യൂറോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സമ്മേളനത്തിൽ റോബോട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയകളെക്കുറിച്ച് വിദഗ്ദ്ധർ വിശദീകരിച്ചു.

സങ്കീർണമായ ശസ്ത്രക്രിയകൾ കീറിയോ താക്കോൽദ്വാര രീതിയിലോ ചെയ്യുന്നതിനേക്കാൾ കാര്യക്ഷമമായി റോബോട്ടിക് രീതിയിൽ ചെയ്യാം. രക്തനഷ്ടം കുറയും. ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ മതി. രോഗിയ്ക്കും ഡോക്ടർക്കും ആയാസക്കുറവും സമ്മർദ്ദക്കുറവും അനുഭവപ്പെടും. ശസ്ത്രക്രിയകളുടെ സമയം കുറയ്ക്കാനും കഴിയുമെന്ന് ആസ്റ്റർ മെഡ് സിറ്റിയിലെ ഡോ. കിഷോർ ടി.എ പറഞ്ഞു.

സാങ്കേതികവിദ്യയും ഉപകരണങ്ങളും കൂടുതൽ ഗുണം ചെയ്യുന്നുണ്ട്. ചെറിയ ശസ്ത്രക്രിയയ്ക്കു പോലും മുമ്പ് കീറിമുറിച്ച് ചെയ്യേണ്ടിയിരുന്നു. റോബോട്ടിക് രീതിയിൽ ചെറുതും വലുതുമായ ശസ്ത്രക്രിയകൾ നടത്താം. അമേരിക്കയിലെ 98 ശതമാനം പ്രോസ്‌റ്റേറ്റ് കാൻസറുകൾക്കും റോബോട്ടിക് ശസ്ത്രക്രിയയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയും ആധുനിക സാങ്കേതികവിദ്യകൾ ഊർജിതമായി ഉപയോഗിക്കേണ്ട സമയമായെന്ന് അമൃത ആശുപത്രിയിലെ ഡോ. ഗിനിൽ കുമാർ പറഞ്ഞു.