കോലഞ്ചേരി: പകൽ ചുട്ടു പഴുക്കാൻ തുടങ്ങിയതോടെ തീപിടിത്തവും വർദ്ധിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോലഞ്ചേരി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലേക്കും മറ്റും തീ പടർന്നു പിടിച്ച സംഭവമുണ്ടായി. പട്ടിമറ്റം ഫയർഫോഴ്‌സ് യൂണിറ്റിന്റെ കൃത്യമായ ഇടപെടലാണ് വലിയ ദുരന്തങ്ങളിലേയ്ക്കെത്താതെ തീയണയ്ക്കാനായത്. ആളുകളുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള പല സംഭവങ്ങൾക്കും കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്നു ഫയർഫോഴ്‌സ് മുന്നറിയിപ്പ് നൽകി. തെങ്ങോട് വാലിയത്തുവീട് റെജിയുടെ വലമ്പൂർ യു.പി സ്കൂളിനു സമീപമുള്ള ഒരേക്കർ തോട്ടം, പള്ളിക്കര എരുമേലിക്ക് സമീപം പവർ ഗ്രിഡ് കോർപ്പറേഷന്റെ പിന്നിൽ വേലമ്മാട്ടുകുടിയിൽ ചപ്പു ചവർ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും തീ പടർന്നു. രണ്ട് ഏക്കറോളം തോട്ടത്തിലാണ് തീ പിടിച്ചത്. കോലഞ്ചേരി ബ്ളോക്ക് ജംഗകഷന് സമീപം നാല് ഏക്കറോളം വരുന്ന പറമ്പിൽ പെരിങ്ങാട്ടേൽ തമ്പി, പുന്നക്കൽ ശോശാമ്മ, താന്നിക്കൽ തമ്പി എന്നിവരുടെ പറമ്പുകളിൽ തീ പടർന്നു. ഇലക്ട്രിക്കൽ ലൈനിൽ നിന്നും തീ പടർന്നതാണെന്ന് സംശയിക്കുന്നത്. വൈദ്യുതി ലൈനിൽ നിന്നു തീപ്പൊരി തെറിച്ച് തീപടർന്ന് പിടിച്ച സംഭവങ്ങളുമുണ്ട്. മരച്ചില്ലകൾ വൈദ്യുതി ലൈനിൽ തട്ടുന്നുണ്ടെങ്കിൽ വിവരം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ച് അപകടം ഒഴിവാക്കുന്നതിനു വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.
ഫയർഫോഴ്‌സ് മുന്നറിയിപ്പ്
●അശ്രദ്ധമായി തീയിടുന്നതാണ് നിയന്ത്രാണാതീതമായി പടരാൻ പ്രധാന കാരണം
●പറമ്പിൽ ചപ്പുചവർ കത്തിക്കുമ്പോഴും, കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തീ കത്തിക്കുമ്പോഴും ആവശ്യം കഴിഞ്ഞു തീ കൃത്യമായി അണയ്ക്കണം
●മാലിന്യം കൂട്ടിയിട്ടു കത്തിക്കുമ്പോഴും മറ്റും തീ മറ്റിടങ്ങളിലേക്ക് പടരാതെ സൂക്ഷിക്കുക
●കത്തിയെരിയുന്ന വിറകു കഷണങ്ങൾ, സിഗരറ്റ് കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്.
●വിളക്ക്, മെഴുകുതിരി തുടങ്ങിയവ മറിഞ്ഞ് തീ പടരാതിരിക്കാൻ ശ്രദ്ധിക്കുക.
●വലിയ തോട്ടങ്ങളിൽ കാടും പുല്ലും വെട്ടിത്തെളിച്ച് തീ പടരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക
ഫയർ ബെൽറ്റ്
താമസസ്ഥലത്തിന്റെയും പുരയിടങ്ങളുടെയും അതിർത്തിയിൽ ഫയർ ബെൽറ്റ് സ്ഥാപിക്കണം. ഉണങ്ങിയ പുല്ലും ഇലകളും കുറഞ്ഞത് പത്ത് അടിയെങ്കിലും വീതിയിൽ ചെത്തി മാറ്റിയാണ് ഫയർ ബെൽറ്റ് നിർമിക്കുന്നത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് തീപടരാതിരിക്കാൻ സാധിക്കും
ജാഗ്രത പുലർത്തണം
വനമേഖലകളിൽ ഉണ്ടാകുന്ന മിക്ക തീപിടിത്തവും സ്വാഭാവിക കാട്ടുതീ അല്ലെന്നാണ് നിഗമനം. സാമൂഹിക വിരുദ്ധരുടെ ഇടപെടലാണ് പല സംഭവങ്ങൾക്കും പിന്നിലെന്നു സൂചനയുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണം
തീപിടുത്തമുണ്ടായാൽ ഉടൻ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുക.
ടി.സി സാജു, പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ
ഫയർ സ്റ്റേഷനുകൾ
പെരുമ്പാവൂർ
4842523123
മൂവാറ്റുപുഴ
4852832727
കൂത്താട്ടുകുളം
4852275103
പട്ടിമറ്റം
0484 2687101, 0484 2687115