കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാൻ ആവിഷ്‌കരിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയടെ രണ്ടാം ഘട്ടത്തിൽ കനാൽ ശുചീകരിച്ച് തടസമില്ലാത്ത ഒഴുക്ക് ഉറപ്പാക്കും. ഏപ്രിലിൽ രണ്ടാം ഘട്ടം ആരംഭിക്കും.
രണ്ടാം ഘട്ടത്തിൽ ഫ്‌ളോട്ടിംഗ് ജെ.സി.ബി ഉൾപ്പെടെ വലിയ യന്ത്ര സാമഗ്രികളും രംഗത്തെത്തും. വെള്ളമൊഴുക്കിന് തടസമായി കനാലുകളിൽ കെട്ടിക്കിടക്കുന്ന വസ്തുക്കളും മാലിന്യങ്ങളും നീക്കും. നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ തന്നെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമാകുമെന്നാണ് ജില്ലാ അധികൃതർ പ്രതീക്ഷിക്കുന്നത്.
# നാലു ദിവസം പിന്നിട്ടു
ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ നാലു ദിവസം പിന്നിട്ടു. ശുചീകരണ, നിർമ്മാണ പ്രവർത്തനങ്ങൾ കളക്ടർ നേരിട്ടെത്തി വിലയിരുത്തി. ഗാന്ധിനഗർ വെയർ ഹൗസിംഗ് കോർപ്പറേഷൻ പരിസരം, ഉദയനഗർ റോഡ്, ബാങ്ക് റോഡ് എന്നിവിടങ്ങളിലായിരുന്നു ഇന്നലെ ദൗത്യം. 1200 മീറ്റർ നീളമുള്ള കനാലിയിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നീക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. പ്രധാന കനാലുകളിലേക്ക് തുറക്കുന്ന ജലനിർഗമന മാർഗങ്ങളിലെയും ഓടകളിലേയും തടസങ്ങളാണ് നീക്കുന്നത്. തടസങ്ങളും മാലിന്യങ്ങളും നീക്കുന്നതിനൊപ്പം പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കും. മാലിന്യങ്ങൾ നീക്കിയശേഷം ഓടകൾ സ്ലാബിട്ട് മൂടും. ജനപങ്കാളിത്തത്തോടെ പ്രാദേശികമായി അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
7.50 ലക്ഷം രുപയാണ് ചെലവിടുന്നത്.
# വിപുലമായ അധികാരങ്ങൾ
ഒക്ടോബർ 21ലെ മഴയിൽ നഗരം വെള്ളക്കെട്ടിലായതോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ബ്രേക് ത്രൂ പദ്ധതി ആവിഷ്‌കരിച്ചത്. ഓടകളിലെയും കനാലുകളിലെയും തടസങ്ങൾ നീക്കിയും വെള്ളം പമ്പു ചെയ്ത് ഒഴുക്കിയുമാണ് അന്ന് നഗരത്തെ സാധാരണനിലയിലെത്തിച്ചത്.
ദുരന്ത നിവാരണ നിയമപ്രകാരം ആവിഷ്‌കരിച്ച പദ്ധതിയിൽ തടസങ്ങൾ നീക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമടക്കം വിപുലമായ അധികാരങ്ങളാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർക്കു സർക്കാർ നൽകിയത്.
# അനന്ത മാതൃക
തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് നിവാരത്തിന് നടപ്പാക്കിയ ഓപ്പറേഷൻ അനന്തയുടെ മാതൃകയിലാണ് ഓപ്പറേഷൻ ബ്രേക് ത്രൂ. ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തിലാണ് പദ്ധതികൾ ആവിഷ്‌കരിച്ചത്. കളക്ടറുടെ മേൽനോട്ടത്തിൽ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എൻജിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സെൽ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
കളക്ടറേറ്റിൽ പി.ആർ.ഡി മീഡിയ സെന്ററിൽ ഓപ്പറേഷൻ ബ്രേക് ത്രൂവിന്റെ പ്രത്യേക സെൽ പ്രവർത്തിക്കുന്നു. നിരീക്ഷിക്കാനും നിർദേശങ്ങൾ നൽകാനും സംവിധാനങ്ങൾ പ്രത്യേക സെല്ലിലുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുന്നത്
# ഓപ്പറേഷൻ ബ്രേക് ത്രൂ
200 പ്രവർത്തികളിൽ
47 എണ്ണം ആരംഭിച്ചു