കൊച്ചി : പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടത്തുന്ന മനുഷ്യ ഭൂപടത്തിൽ കാൽലക്ഷം പേരെ പങ്കെടുപ്പിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. 28, 29 തീയതികളിൽ മണ്ഡലം, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വിളംബര ജാഥകൾ നടത്തും. വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ.ജോൺ അദ്ധ്യക്ഷനായി. കെ.പി.സി.സി.വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.ധനപാലന് യോഗത്തിൽ സ്വീകരണം നൽകി. എം.എൽ.എ.മാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, എൻ.വേണുഗോപാൽ, ലൂഡി ലൂയീസ്, എം.എം.ഫ്രാൻസിസ്, വിൻസെന്റ് ജോസഫ്, എൻ.കെ.നാസർ, കെ.റജികുമാർ, പി.രാജേഷ്, അബ്ദുൾ ഗഫൂർ, തമ്പി ചെള്ളാത്ത്, മുഹമ്മദ് ഷിയാസ്, ജോൺസൺ പാട്ടത്തിൽ, തുടങ്ങിയവർ സംസാരിച്ചു.