ആലുവ: അശോകപുരം പെട്രോൾ പമ്പിന് സമീപം കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച രാത്രി 11.40നാണ് അപകടം.
ഉളിയന്നൂരിൽ നിന്നും ഫുട്ബാൾ മത്സരം കഴിഞ്ഞ് മടങ്ങിയ വാഴക്കുളം തണ്ടേക്കാട് മുണ്ടക്കൽ വീട്ടിൽ മുഹമ്മദ് റാഫി (23), മുണ്ടക്കൽ റിൻഷാദ് (21) എന്നിവർ സഞ്ചരിച്ച സ്‌കൂട്ടറിനെ ഓടക്കാലിയിൽ നിന്നും ആലുവ ഭാഗത്തേക്ക് പോയ കാർ ഇടിക്കുകയായിരുന്നു. പുറമെ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റും തകർന്നു. റിൻഷാദിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. എടത്തല അൽ അമീൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് റിൻഷാദ്. അറയ്ക്കപ്പടിയിലെ ഒരു സ്‌കൂളിൽ കായിക അദ്ധ്യാപകനാണ് മുഹമ്മദ് റാഫി.