ആലുവ: ആലുവ തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അവിട്ട ദർശനം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും. ആയിരക്കണക്കിന് ഭക്തർക്കായി എല്ലാവിധ സൗകര്യവും ഏർപ്പെടുത്തിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വേഴപറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ക്ഷേത്രചടങ്ങുകൾ. ദർശനത്തിനായി വിശാലമായ പന്തലിൽ ക്യു സംവിധാനവും വരിയിൽ തന്നെ വഴിപാട് രസീതുകളും ലഭിക്കും. കൂടാതെ തിളപ്പിച്ച ദാഹജലം വിതരണവുമുണ്ടാകും.
അവിട്ട ദർശനത്തിന് ശേഷം വിഭവ സമൃദ്ധവും താമ്പൂല സഹിതവുമായ അവിട്ട സദ്യയുമുണ്ടാകും. 10,000ത്തോളം പേർ സദ്യയിൽ പങ്കെടുക്കാനെത്തും. സദ്യ തയ്യാറാക്കുന്നത് 70 പേരടങ്ങുന്ന പാചക വിദഗ്ദ്ധരാണ്.
പന്തലിൽ ഇരുന്ന് ഇലയിൽ ഭക്ഷണം കഴിക്കുന്നതിനും, സ്വയം എടുത്തു കഴിക്കുന്നതിനും സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി വിശാലമായ മറ്റൊരു പന്തലും ഒരുക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പ്, ഫയർ ഫോഴ്‌സ്, പൊലീസ്, എന്നിവരുടെ സേവനവും ഉണ്ടായിരിക്കും. ആലുവകെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നും പ്രത്യേക ബസ് സർവ്വീസും ക്ഷേത്രം വക സൗജന്യ വാഹന സർവ്വീസും ക്രമീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ നടന്ന 25 കലശ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.