നെടുമ്പാശേരി: വൈകല്യങ്ങൾ അവഗണിച്ച് വലിയ വാഹനങ്ങൾ വരെ ഓടിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച 11 കാരൻ 17 വർഷത്തിന് ശേഷം സ്വന്തം വിവാഹത്തിന് തയ്യാറാക്കിയ 'സേവ് ദ ഡേറ്റ്' വീഡിയോയും വൈറലായി.
ചെങ്ങമനാട് ഈരയിൽ വീട്ടിൽ ആർ.കെ. ശിവന്റെ മകൻ കൃഷ്ണനുണ്ണി ജന്മനാ മൂകനും ബധിരനുമാണ്.
ബിരുദ പഠനം പൂർത്തിയാക്കിയ കൃഷ്ണനുണ്ണിക്ക് ജീവിത പങ്കാളിയായി തന്നെ പോലെ കുറവുള്ളയാൾമതിയെന്ന് നിർബന്ധമുണ്ടായിരുന്നു. ഒടുവിൽ ചെന്നെത്തിയത്
കാസർകോട് വലമല വീട്ടിൽ പരേതനായ രാമചന്ദ്രന്റെയും ജയന്തി രാമചന്ദ്രന്റെയും മകൾ സുഷ്മിതയിലാണ്. കൃഷ്ണനുണ്ണിയെ പോലെ സംസാരശേഷിയില്ല. ഇരുവരും ചേർന്ന് തയ്യാറാക്കിയ സേവ് ദ ഡേറ്റ് വീഡിയോയാണ് വൈറലായത്. സംസാരശേഷിയില്ലാത്തവരുടെ വീഡിയോ എങ്ങനെ തയ്യാറാക്കുമെന്ന് ആശങ്കപ്പെട്ട സംവിധായകർക്കും കാമറമാനും ഇവർനിർദ്ദേശം നൽകി. 'ഞങ്ങൾ ഞങ്ങളുടെ ഭാഷയിൽ ക്ഷണിക്കാം' എന്ന് വ്യക്തമാക്കി. ഹൃദയസ്പർശിയായ ആ അംഗ്യഭാഷ ജനം ഏറ്റെടുത്തു. വീഡിയോ ലക്ഷങ്ങൾ കണ്ടു.ആയിരങ്ങൾ ഷെയർ ചെയ്തു.വിവാഹം 22 ന് നടന്നു.
മാണിക്യമംഗലം സെന്റ് ക്ളെയർ ബധിര വിദ്യാലയത്തിൽ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് ബൈക്ക് മുതൽ ബസും ലോറിയും ടിപ്പറും ജെ.സി.ബിയുമെല്ലാം ഗിന്നസ് അധികൃതർക്ക് മുമ്പിൽ ഓടിച്ച് പ്രതിഭ തെളിയിച്ചത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ 2003ഒക്ടോബർ 23നായിരുന്നു കൃഷ്ണനുണ്ണിയുടെ മിന്നുന്ന പ്രകടനം. ഡ്രൈവിംഗിൽ മാത്രമല്ല, കലാ -കായിക രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. കൊച്ചി സന്ദർശിക്കാനെത്തിയ പ്രസിഡന്റായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം കൃഷ്ണനുണ്ണിയെ നേരിട്ട് അഭിനന്ദിച്ചിരുന്നു.വധുവരന്മാരെ ആശംസിക്കാൻ രാഷ്ട്രീയ - സാമൂഹ്യ നേതാക്കന്മാർക്ക് പുറമെ സിനിമ താരങ്ങളായ ദിലീപ് - കാവ്യ മാധവൻ ദമ്പതികളും എത്തിയിരുന്നു. പിതാവ് ആർ.കെ. ശിവനൊപ്പം ഈര ഫ്രഷ് എന്ന സ്ഥാപനത്തിന്റെ ചുമതല വഹിക്കുകയാണ് കൃഷ്ണനുണ്ണി.