1

തൃക്കാക്കര: കാക്കനാട് ഇടച്ചിറയിലെ ബ്യൂട്ടി പാർലർ മാനേജർ വാടക വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ. സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരനാണ് (28) മരിച്ചത്. സംഭവത്തിൽ ശ്രീധരനൊപ്പം താമസിച്ചിരുന്ന ബ്യൂട്ടി പാർലർ ജീവനക്കാരനായ സെക്കന്തരാബാദ് സ്വദേശി ചണ്ടി രുദ്ര‌യ്‌ക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. വാക്കുതർക്കത്തെ തുടർന്ന് വിജയ് ശ്രീധരനെ ഇയാൾ കുത്തിയെന്നാണ് പൊലീസ് നിഗമനം. വയറിന്റെ വലതുവശത്ത് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. തെങ്ങോട് ഇടച്ചിറ റോഡിൽ ബ്യൂട്ടി പാർലർ ജീവനക്കാർ താമസിക്കുന്ന വാടക വീട്ടിലെ കിടപ്പ് മുറിയിലാണ് മൃതദേഹം കണ്ടത്. ഇൻഫോപാർക്കിന് സമീപം പുതുതായി തുടങ്ങിയ മുസ്‌കി ബ്യൂട്ടി പാർലറിലെ ജീവനക്കാരനാണ് വിജയ് ശ്രീധരൻ.

രാവിലെ ജോലിക്കെത്താത്തതിനെ തുടർന്ന് മറ്റൊരു ജീവനക്കാരൻ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബ്യൂട്ടി പാർലർ ഉടമ ഇൻഫോപാർക്ക് പൊലീസിനെ വിവരമറിയിച്ചു. ഒരു മാസം മുമ്പാണ് നാലുപേർ ഇവിടെ താമസം തുടങ്ങിയത്.