തൃക്കാക്കര: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ജില്ലയിലെ പ്രധാനപ്പെട്ട ദേശീയ, സംസ്ഥാനപാതകൾ കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ പാതയോരങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ, ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ യജ്ഞം നടത്തി. എറണാകുളം ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ സംസ്ഥാന പാതകൾ ശുചീകരണത്തിന് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ശുചിത്വ മിഷന്റെയും, ഹരിത കേരളം മിഷന്റെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ്., സന്നദ്ധ പ്രവർത്തകരുടെയും, കുടുംബശ്രീയുടെയും സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ആരംഭം കുറിച്ചത്. ശുചീകരണയജ്ഞം വരുംദിവസങ്ങളിലും തുടരണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പാതയോരങ്ങൾ വൃത്തിയാക്കുന്നതിലും വൃത്തിയായി സൂക്ഷിക്കുന്നതിലും ജില്ല മാതൃകയാകണം. വൃത്തിയാക്കിയ സ്ഥലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗന്ദര്യവൽക്കരണ പ്രവർത്തനം കൂടി നടത്തേണ്ടതാണെന്നും കളക്ടർ പറഞ്ഞു.