ksrtc
ഇഴഞ്ഞുനീങ്ങുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണം

ആലുവ: നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങളായിട്ടും ഇഴഞ്ഞുനീങ്ങിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ഒൗദ്യോഗിക ശിലാസ്ഥാപനം ജനുവരി 28 വൈകീട്ട് നാലിന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.

പ്രതിഷേധം ഉയർന്നപ്പോൾ നിർമ്മാണം ആരംഭിച്ചെങ്കിലും ഒച്ചിഴയുന്ന വേഗം മാത്രമായിരുന്നു. സ്റ്റാൻഡിനകത്തെ പെട്രോൾ പമ്പിന്റെ ലൈസൻസ് പുതുക്കി ലഭിക്കുന്നതിനുണ്ടായ കാലതാമസവും ശിലാസ്ഥാപന ചടങ്ങ് നീളാൻ ഇടയായി. എല്ലാ തർക്കങ്ങളും പരിഹരിച്ച ശേഷമാണ് ഇപ്പോൾ ശിലാസ്ഥാപനത്തിനൊരുങ്ങുന്നത്. ഇതോടെ നിർമ്മാണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൻവർ സാദത്ത് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചതുകഉപയോഗിച്ചാണ് ടെർമിനൽ നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി 30155 ചതുരശ്ര അടിയുള്ള കെട്ടിടമാണ് പണിയുന്നത്.. 110 ഇരുചക്രവാഹനങ്ങളും, 110 കാറുകളും പാർക്കു ചെയ്യുവാനുള്ള സൗകര്യവുമുണ്ടാകും. താഴെ ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാൾ, 170 സീറ്റുകളുള്ള യാത്രക്കാരുടെ വിശ്രമമുറി, കാന്റീൻ, നാല് ശൗചാലയം എന്നിവയുണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗ പരിമിതർക്കും പ്രത്യേക ശുചിമുറികളുണ്ടാകും.

രണ്ട് ലിഫ്റ്റുകളും, മൂന്ന് സ്റ്റെയർ കേയ്‌സുമുണ്ട്. അഗ്നിശമനസാമഗ്രികൾ, കുടിവെള്ളം, മലിനജല ട്രീറ്റ്‌മെന്റ് സംവിധാനം, മഴ വെള്ള സംഭരണി എന്നിവയുമുണ്ട്. നിലവിലുള്ള ഡീസൽ പമ്പ്, വർക്ക് ഷോപ്പ്, ഗാരേജ്, ഓഫീസ് കെട്ടിടങ്ങൾ എന്നിവ കുടിയാകുമ്പോൾ സർവ്വ സജ്ജമായ ആധുനിക ബസ് സ്റ്റേഷനായി ആലുവ കെ.എസ്.ആർ.റ്റി.സി സ്റ്റേഷൻമാറുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.

ഗാരേജും വർക്ക് ഷോപ്പും ഓഫീസ് കെട്ടിടവും എം.എൽ.എ ഫണ്ടിൽ നിന്നും 2.27 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചിട്ടുണ്ട്. ശിലാസ്ഥാപന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.


പുതിയ ടെർമിനൽ നിർമ്മിക്കുന്നതിന് ആലുവ ഡിപ്പോ പൊളിച്ചത്

ഒരു വർഷം മുമ്പ്

പൊതുമരാമത്ത് വകുപ്പും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള തർക്കം

നിർമ്മാണം അനിശ്ചിതത്വത്തിലാക്കി​.

പലവട്ടം പ്ളാനിൽ മാറ്റം വരുത്തി.

ചെലവ് 5.89 കോടി രൂപ

30 ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാം

12 ബസുകൾ ഒരേ സമയം റിപ്പയർ ചെയ്യാം