കൊച്ചി: ഇന്ന് നടക്കുന്ന മനുഷ്യമഹാശൃംഖലയിൽ ജില്ലയിൽ മൂന്നുലക്ഷം പേർ അണിനിരക്കും. ഭരണഘടനാ സംരക്ഷണ മുദ്രവാക്യമുയർത്തി ജില്ലയുടെ വടക്കേ അതിർത്തിയായ കറുകുറ്റി പൊങ്ങം മുതൽ തെക്കേ അതിർത്തിയായ അരൂർ വരെ 50 കിലോമീറ്ററിൽ ശൃംഖല നീളും. വൈകിട്ട് 3.30നാണ് ട്രയൽ. നാലിന് കൈകോർക്കും. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിക്കും. പ്രതിജ്ഞ ചൊല്ലും.
ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്താകും ശൃംഖല അണിനിരക്കുക. പൊങ്ങത്ത് ജില്ലയിലെ ആദ്യകണ്ണിയായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈനും അരൂരിൽ അവസാന കണ്ണിയായി നാടക പ്രവർത്തകൻ കെ.എം ധർമനും പങ്കെടുക്കും. പത്തു കേന്ദ്രങ്ങളിൽ പൊതുയോഗം ചേരും. ഇടപ്പള്ളിയിലാണ് പ്രധാന കേന്ദ്രം. കറുകുറ്റി, അങ്കമാലി, അത്താണി, പറവൂർ കവല, പുളിഞ്ചുവട്, പ്രീമിയർ കവല, വൈറ്റില, കുണ്ടന്നൂർ, മാടവന എന്നിവയാണ് മറ്റു പൊതുയോഗകേന്ദ്രങ്ങൾ.
പ്രൊഫ. എം.കെ സാനു, സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.രാജീവ്, സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ, ടി.പി പീതാംബരൻ തുടങ്ങിയവർ ഇടപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കും. ഡോ. കെ.ജി പൗലോസ്, തിരക്കഥാകൃത്ത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ജോസഫ് വൈറ്റില, ഡോ. കെ ബാബു ജോസഫ്, രൺജി പണിക്കർ, ബി.ഉണ്ണിക്കൃഷ്ണൻ, ആഷിഖ് അബു, റിമ കല്ലിങ്കൽ, എം.എ നിഷാദ്, നാദിർഷ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ കണ്ണിചേരും.