38 പേർക്ക് രോഗം സ്ഥിരീകരിച്ചു

മൂവാറ്റുപുഴ: പ്രദേശത്ത് വിവിധയിടങ്ങളിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. രോഗ ലക്ഷണങ്ങളോടെ നിരവധിയാളുകളാണ് പ്രദേശത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയത്. മൂവാറ്റുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഡെങ്കിപ്പനി പടരുന്നത് നാട്ടുകാരിൽ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴയിൽ മാത്രം ഇതുവരെ 30ഓളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മൂവാറ്റുപുഴ കാവുംങ്കര മേഖലയിലാണ് ഡെങ്കിപ്പനി കൂടുതലായി പടർന്ന് പിടിക്കുന്നത്. വേനൽകാലത്ത് ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നത് ആശങ്കാജനകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കൊതുകിൽ നിന്നും പകരുന്ന രോഗമെന്ന നിലയിൽ മഴ പെയ്താൽ രോഗം കൂടുതൽ പേരിലേക്ക് പടരാൻ സാധ്യതയുണ്ടന്നും മറ്റു പകർച്ച വ്യാധികൾക്ക് സാധ്യതയുണ്ടന്നും വിദഗ്ദ്ധർ പറയുന്നു. ഡെങ്കിപ്പനി തടയുന്നതിനാവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാകാത്തതാണ് രോഗം പടരുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ബോധവത്കരണം നടത്തണം

കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ,വിവിധ ക്ലബ്ബുകൾ,സന്നന്ധ സംഘടനകൾ,ആശാ വർക്കർമാർ,ആരോഗ്യ മേഖലയിലെ ഇതര സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസ് ഉൾപ്പെടെയുള്ള പ്രവർത്തനം നടത്തണമെന്ന ആവശ്യവും നാട്ടുകാർക്കിടയിൽ ശക്തമാണ്.

വീടുകളിലും സമീപ പ്രദേശങ്ങളിലും കൊതുക് മുട്ടയിടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ കെട്ടികിടക്കുന്ന വെള്ളം നശിപ്പിക്കുകയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പരിഗണന നൽകേണ്ടത്. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന് എം.എൽ.എ നിർദ്ദേശം നൽകി.

പ്രവർത്തനം ഊർജ്ജിതമാക്കും

മൂവാറ്റുപുഴയിൽ ഡെങ്കിപ്പനി സ്ഥിതീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ എൽദോ എബ്രഹാം എം.എൽ.എ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. രോഗം സ്ഥിതീകരിച്ച പ്രദേശങ്ങളിൽ രോഗത്തിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, രോഗം സ്ഥിതീകരിച്ച പ്രദേശങ്ങളിൽ ബോധവത്കരണ ക്യാമ്പുകളും, ശുചീകരണ പ്രവർത്തനങ്ങളും അടിയന്തിരമായി നടപ്പിലാക്കാനും എം.എൽ.എ ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകി.

രോഗലക്ഷണങ്ങൾ

വൈറസ് ബാധ ഉണ്ടായാൽ 6 മുതൽ 10 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടു തുടങ്ങും.കടുത്ത പനി,തലവേദന,കണ്ണ് വേദന ,പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ വരാം. പനി വന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന പനി ,തലവേദന, വായിൽ നിന്നും മൂക്കിൽ നിന്നും രക്ത സ്രാവം, സന്ധിവേദന, ചർദ്ദി, ചുവന്ന പാടുകൾ,കുത്തുകൾ, വയറിളക്കം. മറ്റു ലക്ഷണങ്ങൾ ബോധത്തിലും ചിന്തയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ, സന്നി, വിറയൽ,ചൊറിച്ചിൽ, ഹൃദയമിടിപ്പ് കുറയുക.

സ്വയം ചികിത്സ വേണ്ട

തുടക്കത്തിൽ ഏത് തരം പനി ആയാലും തുടക്കത്തിൽ സ്വയം ചികിത്സക്ക് പകരം വൈദ്യസഹായം തേടണം.ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കുക, പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ പനിയുളളപ്പോൾ കാണിക്കുന്ന ഡോക്ടറുടെ സേവനം തേടുകയോ പുതുതായി കാണിക്കുന്ന ഡോക്ടറോട് വിവരം പറയുകയും വേണം.പനിയുളളപ്പോൾ ധാരാളം വെള്ളം കുടിക്കണം. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം ,തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇടക്കിടെ കുടിക്കാം.