കൊച്ചി: ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസുകാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ പൊലീസ് കമ്മിഷണർക്ക് നൽകിയ കത്ത് പരാതികളെ തുടർന്ന് പിൻവലിച്ചു. ഈ പരാമർശം ഒഴിവാക്കി പുതിയ കത്തും നൽകി.
വൈറ്റില മൊബിലിറ്റി ഹബ്ബിന് മുന്നിലുള്ള ശിവസുബ്രഹ്മണ്യക്ഷേത്രത്തിൽ ഫെബ്രുവരി എട്ടിന് നടക്കുന്ന തൈപ്പൂയ ഉത്സവത്തിന് ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായാണ് ബോർഡ് തൃപ്പൂണിത്തുറ ഗ്രൂപ്പ് അസി. കമ്മിഷണർ പൊലീസിനെ ആവശ്യപ്പെട്ടത്.
പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ദേവസ്വം മന്ത്രിക്കും സിറ്റി കമ്മിറ്റി കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.
ഏതാനും ക്ഷേത്രങ്ങൾ ഒഴികെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല. ക്ഷേത്രത്തിനുള്ളിലെ ഡ്യൂട്ടിക്ക് ഹിന്ദുക്കളായ പൊലീസുകാരെ നിയോഗിക്കാറാണ് പതിവ്. ഗതാഗത നിയന്ത്രണങ്ങൾക്കുൾപ്പെടെ ഇങ്ങനെ ആവശ്യപ്പെട്ട നടപടിയാണ് പരാതിക്കിടയാക്കിയത്.
' വൈറ്റില ക്ഷേത്രങ്ങളിൽ എല്ലാ വർഷവും ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്നാണ് ആവശ്യപ്പെടാറ്. ആ പതിവ് തുടർന്നെന്നേയുള്ളൂ. വിവാദപരാമർശം ഒഴിവാക്കി പൊലീസിന് പുതിയ കത്ത് നൽകി.
-എം.ജി. ജഗദീഷ്
തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ