ആലുവ: ചരിത്ര പ്രസിദ്ധമായ തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീ ക്ഷേത്രത്തിൽ അവിട്ട ദർശന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തർ അവിട്ട ദർശനത്തിനെത്തി.
ക്ഷേത്രം തന്ത്രി വേഴപറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട്, മേൽശാന്തി ചിറ്റാറ്റുപുറം നാരായണൻ നമ്പൂതിരി, പ്രമോദ് നമ്പൂതിരി, സുമേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ക്ഷേത്ര ചടങ്ങുകൾ. അവിട്ട ദർശനത്തിന് ശേഷം താമ്പൂല സഹിതം നടന്ന അവിട്ടസദ്യയയിൽ ജാതിമത ഭേദമെന്യേ പതിനായിരങ്ങൾ പങ്കെടുത്തു. ഉച്ചക്ക് 12നായിരുന്നു അവിട്ട ദർശനം. ക്ഷേത്ര കമ്മിറ്റി റോഡിൽ പന്തലൊരുക്കിയിതും സംഭാരം, ജീരകവെള്ളം എന്നിവ വിതരണം ചെയ്തതും ഭക്തർക്ക് ആശ്വാസമായി. അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരള മോഹനൻ എന്നിവരും സംബന്ധിച്ചു.
ആലുവയിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് നടത്തിതും ക്ഷേത്രകമ്മിറ്റി വക മഹിളാലയം കവലയിൽ നിന്നും തുരുത്ത് റെയിൽവേഭാഗത്ത് നിന്നും സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തിയതും ഭക്തർക്ക് സൗകര്യമായി. രാത്രിയിൽ നടന്ന മുടിയേറ്റിനും താലപ്പൊലിക്കും നിരവധി പേരെത്തി. പുലർച്ചെ നടന്ന ഗുരുതിയോടെയാണ് അഞ്ചുദിവസം നീണ്ടുനിന്ന അവിട്ട ദർശന മഹോത്സവത്തിന് സമാപനമായത്.