കോലഞ്ചേരി: സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ ഐരാപുരം സി.ഇ.ടി കോളേജ് ജീവനക്കാർ നൽകിയ പരാതിയിൽ കോളേജ് സെക്രട്ടറിക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്കും കമ്മീഷൻ നിർദേശം നൽകി. നിയമനത്തിനായി അദ്ധ്യാപകരിൽ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരി​റ്റി ഡെപോസി​റ്റ് വാങ്ങിയശേഷം അവരെ പിരിച്ചുവിടുകയും ഡെപോസി​റ്റ് തുക തിരിച്ചു നൽകാതിരിക്കുകയും ചെയ്തുവെന്ന സി.ഇ.ടി കോളെജ് മാനേജ്‌മെന്റിന് എതിരെയുള്ള പരാതിയിലാണ് നടപടി.സി.ഇ.ടി മാനേജ്‌മെന്റിനെതിരെ ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും കമ്മീഷന്റെ മുൻപാകെ കേസുകൾ വരികയും തീർപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം അറിയിച്ചു.